പാലക്കാട്: ആരോഗ്യ വകുപ്പിന്റെ അനാസ്ഥയെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന വിദ്യാർത്ഥിനി വിനോദിനി (9) ക്കായി സർക്കാർ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം നാല് മാസമായി മുടങ്ങിയതായി കുടുംബം. കുട്ടിയുടെ വിദ്യാഭ്യാസത്തിനായി പ്രതിമാസം 4,000 രൂപ ധനസഹായം നൽകുമെന്നായിരുന്നു എൽഡിഎഫ് സർക്കാർ പ്രഖ്യാപനം. എന്നാൽ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ തുക ലഭിച്ചതിന് ശേഷം പിന്നീട് ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്ന് മാതാപിതാക്കളായ വിനോദ് ഡി.യും പ്രസീതയും പറയുന്നു. വനിതാ-ശിശു വികസന വകുപ്പാണ് വിനോദിനിയുടെയും മാതാവ് പ്രസീതയുടെയും സംയുക്ത ബാങ്ക് അക്കൗണ്ടിലേക്ക് ധനസഹായം അനുവദിച്ചിരുന്നത്. ആദ്യ രണ്ട് മാസങ്ങളിലെ തുക മാത്രമാണ് അക്കൗണ്ടിലെത്തിയത്. മാർച്ച് മുതൽ ധനസഹായം മുടങ്ങിയതോടെ കുട്ടിയുടെ പഠനച്ചെലവുകൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കുടുംബം പ്രതിസന്ധിയിലായിരിക്കുകയാണ്.

അതേസമയം, സംഭവത്തിൽ പാലക്കാട് ജില്ലാ ആശുപത്രി അധികൃതർക്കെതിരെ രജിസ്റ്റർ ചെയ്ത കേസും മുന്നോട്ടുപോകുന്നില്ലെന്ന പരാതിയും കുടുംബം ഉന്നയിക്കുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിനോദിനിയുടെ കൈയ്ക്ക് പൊട്ടലേറ്റതിനെ തുടർന്ന് ചികിത്സ തേടിയെങ്കിലും, ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചകളെ തുടർന്ന് സെപ്റ്റംബർ 30-ന് കൈ മുറിച്ചുമാറ്റേണ്ടിവന്നിരുന്നു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലും പൊലീസ് ആദ്യം തയ്യാറായിരുന്നില്ലെന്ന് വിനോദ് പറയുന്നു. നിരവധി പരാതികൾക്കും ഇടപെടലുകൾക്കും ശേഷമാണ് നവംബർ 11-ന് പാലക്കാട് ടൗൺ സൗത്ത് പൊലീസ് ആശുപത്രി അധികൃതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.


പാലക്കാട് പല്ലശ്ശനയിലെ ഒഴിവുപാറ സ്കൂളിലെ വിദ്യാർത്ഥിനിയാണ് വിനോദിനി. ചികിത്സാ പിഴവിനെ തുടർന്ന് ഒരു കൈ നഷ്ടമായ കുട്ടിക്ക് സർക്കാർ പ്രഖ്യാപിച്ച സഹായം പോലും സമയത്ത് ലഭിക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്ന് കുടുംബം ആരോപിക്കുന്നു.





















