കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു (54) അന്തരിച്ചു. അർബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മൂന്ന് മാസമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

മാസങ്ങൾക്ക് മുൻപാണ് കേസിൽ അദ്ദേഹം ജാമ്യത്തിലിറങ്ങിയത്. ദ്വാരപാലക ശിൽപ്പ പാളി കേസിലും കട്ടിളപ്പാളി കേസിലും പ്രതിയാണ് മുരാരി ബാബു. കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ ആദ്യത്തെ പ്രതിയാണ് മുരാരി ബാബു. അറസ്റ്റിലായി 90 ദിവസങ്ങൾക്ക് ശേഷമാണ് മുരാരി ബാബുവിന് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്.


കോട്ടയം ചങ്ങനാശേരി സ്വദേശിയാണ് മുരാരി ബാബു. പൊലീസ് ജോലി ഉപേക്ഷിച്ചാണ് മുരാരി ബാബു തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായത്. 1994 ലാണ് പൊലീസിൽ ജോലി കിട്ടിയത്. കോൺസ്റ്റബിളായി കണ്ണൂരിലായിരുന്നു ആദ്യ പരിശീലനം. എന്നാൽ പരിശീലനം പൂർത്തിയാക്കിയില്ല. 1997ലാണു ദേവസ്വം ബോർഡിൽ ജീവനക്കാരനായത്. ദേവസ്വം ബോർഡിലെ ഉയർന്ന പദവിയിലിരുന്ന ആളുടെ സഹായിയായാണ് തുടക്കം. പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിര നിയമനം നൽകി.





















