തിരുവനന്തപുരം: നേമത്ത് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്നാണ് ഇയാളെ നേമം പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. വെഞ്ഞാറമൂട് സ്വദേശിയാണ് ശിഹാബുദീൻ.

അക്യൂപങ്ചറിന്റെ മറവിൽ ഷിഹാബുദ്ദീൻ വ്യാജ ചികിത്സ നടത്തുകയാണെന്ന് സെപ്തംബർ മാസത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. പ്രമേഹം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നവെന്ന വിവരത്തിലാണ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. വെഞ്ഞാറമൂട്ടിലായിരുന്നു ഷിഹാബുദ്ദീന്റെ ചികിത്സാ കേന്ദ്രം.


ഇതിനിടെ ചോദ്യം ചെയ്യലിനിടെ പൊലീസ് സ്റ്റേഷനിൽ വച്ച് യുവതിയുടെ ഭർത്താവ് നയാസ് ശിഹാബുദീന് നേരെ പാഞ്ഞടുത്തു. തുടർന്ന് പൊലീസ് ഇടപെട്ട് പിടിച്ചുമാറ്റുകയായിരുന്നു. മെഡിക്കൽ പരിശോധനയ്ക്കായി സ്‌റ്റേഷന് പുറത്തേക്ക് ശിഹാബുദീനെ ഇറക്കുന്ന സമയത്താണ് നയാസ് ആക്രമിക്കാൻ ശ്രമം നടത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. അക്യുപങ്ചർ ചികിത്സാ രീതിയിലൂടെ വീട്ടിൽ പ്രസവം എടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അമ്മയും കുഞ്ഞും മരിച്ചത്.























