ഓവിയയുടെ ലീക്കായ വീഡിയോ എന്നപേരിൽ ദൃശ്യങ്ങൾ പ്രചരിച്ചു: പരാതി നൽകി താരം

നടി ഓവിയയുടേത് എന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ വ്യാജവീഡിയോ പ്രചരിപ്പിച്ചതിനെതിരെ പരാതി നൽകി താരം. തന്റേതെന്ന പേരിൽ സ്വകാര്യദൃശ്യങ്ങൾ അടങ്ങുന്ന വ്യാജവീഡിയോ പ്രചരിപ്പിച്ചതായി കാണിച്ചാണ് നടി ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി സമർപ്പിച്ചത്. ഓവിയയെ മനപ്പൂർവം അപമാനിക്കാനായി ആരോ തയ്യാറാക്കിയ വ്യാജവീഡിയോയാണ് ഇതെന്ന് നടിയുടെ മാനേജർ പറഞ്ഞു.

എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഓവിയയുടെ ലീക്കായ വീഡിയോ എന്നപേരിൽ 17 സെക്കന്റുള്ള വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചത്. പ്രചരിക്കുന്ന വീഡിയോ നടിയുടേതാണെന്നും അവരുടെ കൈയിലെ അതേ ടാറ്റൂവാണ് വീഡിയോയിലുള്ള യുവതിയുടേതെന്നുമാണ് സാമൂഹികമാധ്യമങ്ങളിലെ ചിലരുടെ അവകാശവാദം. എന്നാൽ, ഇത് ഡീപ് ഫേക്ക് വീഡിയോ ആണെന്ന് വാദിക്കുന്നവരുമുണ്ട്.

നെഗറ്റീവ് കമന്റുകളെയൊക്കെ അവജ്ഞയോടെ തള്ളിക്കളഞ്ഞുകൊണ്ടുള്ള ഓവിയയുടെ മറുപടികളും വൈറലായിരുന്നു. 17 സെക്കൻഡുള്ള വീഡിയോ ഒരെണ്ണം വന്നിട്ടുണ്ട് മാഡം എന്ന പ്രേക്ഷകന്റെ കമന്റിന് ‘ആസ്വദിക്കൂ’ എന്നായിരുന്നു മറുപടി. വീഡിയോ എച്ച്.ഡി. വേണമെന്നും ദൈർഘ്യം കുറഞ്ഞുപോയി എന്നുമുള്ള കമന്റിന് ‘അടുത്ത തവണ ആകട്ടെ’ എന്നായിരുന്നു നടിയുടെ മറുപടി.

ഹെലന നെൽസൺ എന്നാണ് യഥാർത്ഥ പേര്. 2007-ൽ പൃഥ്വിരാജ് നായകനായ കങ്കാരുവിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നുവന്നത്. ബിഗ്‌ബോസ് തമിഴ് സീസൺ ഒന്നിലൂടെയാണ് ഓവിയ പ്രശസ്തിയിലേക്ക് ഉയർന്നത്. പുതിയമുഖം, മനുഷ്യമൃഗം എന്നീ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കളവാണി, കലകലപ്പ്, യാമിരുക്ക ഭയമേൻ, മറീന തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്.