കണ്ണൂര്‍ : എഡിഎം കെ നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ജയിലിലേക്ക്. ദിവ്യയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇവരെ ഉടന്‍ പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റും. നാളെത്തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് ദിവ്യയുടെ നീക്കം. അന്വേഷണസംഘം കസ്റ്റഡി അപേക്ഷയും ഉടന്‍ സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്.

രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലായിരുന്നു പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശേഷം ഇപ്പോള്‍ അറസ്റ്റും രേഖപ്പെടുത്തി. നവീന്റെ മരണത്തിന് പിന്നാലെ ദിവ്യ ഒളിവിലായിരുന്നു. മുന്‍പ് തന്നെ ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ നിയമതടസമില്ലാതിരുന്ന ഘട്ടത്തില്‍ പോലും ദിവ്യയെ അന്വേഷണസംഘം അറസ്റ്റ് ചെയ്യാതിരുന്നതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

























