ശ്രീപദ്മനാഭസ്വാമിക്ഷേത്രം പുനരുദ്ധാരണം: തന്ത്രിയുടെ ഉപദേശപ്രകാരം മാത്രം; ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന വിഗ്രഹ (മൂലബിംബം) വും ശ്രീകോവിലിന്റെ ഭാഗങ്ങളും പുനരുദ്ധരിക്കുന്ന പ്രവൃത്തികൾ മുഖ്യ തന്ത്രിയുടെ ഉപദേശമനുസരിച്ചു മാത്രമാകണമെന്ന് ഹൈക്കോടതി. വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട് പ്രകാരം പുരുദ്ധാരണം ആരംഭിക്കുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചപ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ആചാരപരമായ വിഷയങ്ങളിൽ തന്ത്രിയുടേതാണ് അവസാന വാക്കെന്നും കോടതിക്കുപോലും പരിമിതമായ അധികാരമാണുള്ളതെന്നും ബെഞ്ച് പറഞ്ഞു.

മൂലബിംബത്തിലെ കേടുപാടുകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് കായംകുളം സ്വദേശി അഡ്വ. ആർ. രാജശേഖരൻ പിള്ള ഫയൽ ചെയ്ത ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. നേരത്തേ ഹർജി പരിഗണിച്ചപ്പോൾ ഭരണസമിതിയുടെ നടപടി റിപ്പോർട്ടും വിദഗ്‌ധ സമിതി റിപ്പോർട്ടും തന്ത്രിയുടെ നിലപാടും തേടിയിരുന്നു. എന്നാൽ, കുടുംബപരമായ അസൗകര്യങ്ങൾ കാരണം തന്ത്രിക്ക് ഇതു സംബന്ധിച്ച കുറിപ്പ് നൽകാനായിട്ടില്ലെന്ന് ഭരണസമിതി അറിയിച്ചു. അറ്റകുറ്റപ്പണിക്ക് ഒരുക്കങ്ങളായെന്ന് നടപടി റിപ്പോർട്ടിൽ വ്യക്തമാക്കിയ സാഹചര്യത്തിലാണ് തന്ത്രിയുടെ ഉപദേശം തേടണമെന്ന് കോടതി നിർദേശിച്ചത്. വിഷയം ഒക്ടോബർ ആദ്യവാരം വീണ്ടും പരിഗണിക്കും. മുഖ്യ തന്ത്രിയുടെ കുറിപ്പും അന്ന് ഹാജരാക്കണം.