സ്വന്തം പൗരന്മാരെ കയ്യൊഴിഞ്ഞ് പാകിസ്താൻ; കറാച്ചിയിലും ലാഹോറിലും വ്യോമഗതാഗതം തടഞ്ഞു, വാഗാ അതിർത്തി അടച്ചു

ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയ സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ പാകിസ്താൻ. വാഗയിലെ ചെക്പോസ്റ്റ് പാകിസ്താൻ അടച്ചിട്ടതിനാൽ നിരവധിപേരാണ് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നത്. കറാച്ചിയിലും ലാഹോറിലും ചിലയിടങ്ങളിൽ പാകിസ്ഥാൻ വ്യോമഗതാഗതം തടഞ്ഞു. സുരക്ഷ കാരണങ്ങൾ മുൻനിറുത്തിയാണ് പാകിസ്ഥാൻറെ നടപടി. ഇന്ത്യ ആക്രമിക്കുമെന്ന ഭയം കാരണമാണ് വ്യോമഗതാഗതം തടഞ്ഞത് എന്നാണ് സൂചന. അതിനിടെ പാകിസ്താനെതിരെ നിലപാട് കടുപ്പിക്കുകയാണ് ഇന്ത്യ. പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള കപ്പൽ ഗതാഗതം ഇന്ത്യ നിർത്തിവയ്ക്കും. പാകിസ്താനുമായുള്ള പോസ്റ്റൽ സർവ്വീസും നിർത്തലാക്കും. ലഹോറും ഇസ്‍ലാമാബാദും വ്യോമപാത നിരോധിത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം, പഹൽഗാമിലെ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ ഇന്ത്യയിലെത്തിയ പാകിസ്താൻ പൗരന്മാരോട് തിരികെ പോകാൻ കേന്ദ്ര സർക്കാർ നൽകിയ സമയപരിധി പൂർണ്ണമായും അവസാനിച്ചതോടെ 786 പാക് പൗരന്മാരാണ് അട്ടാരി-വാഗ അതിർത്തി വഴി ഇന്ത്യ വിട്ടത്. അതിർത്തിയിൽ പ്രകോപനം തുടരുകയാണ് പാകിസ്താൻ. നിയന്ത്രണ രേഖക്ക് സമീപം,കുപ്വാര, ഉറി, അഖ്നൂർ സെക്ടറുകളിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്താൻ വീണ്ടും വെടിയുതിർത്തു. തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈന്യം അറിയിച്ചു. പ്രകോപനം ഇല്ലാത്ത വെടിവെപ്പിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഡിജിഎംഒ, ഹോട് ലൈൻ മീറ്റിങ്ങിൽ ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു.