പത്തനംതിട്ട: പത്തനംതിട്ടയിൽ കായികതാരമായ ദലിത് പെൺകുട്ടിയെ 60ലധികം പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ പത്തു പേർ കൂടി കസ്റ്റഡിയിൽ. ഇന്നലെ അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ പേർ അറസ്റ്റിലായത്. 62 പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും 13 വയസ്സ് മുതൽ ചൂഷണത്തിന് ഇരയായതായും പെൺകുട്ടി പൊലീസിനു മൊഴി നൽകിയിരുന്നു.

പത്തനംതിട്ട ജില്ലയിലെ ആറോളം സ്റ്റേഷനുകളിൽ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായാണ് വിവരം. ജില്ലയ്ക്ക് പുറത്തും പ്രതികളുണ്ടെന്ന സൂചന പൊലീസ് നൽകുന്നുണ്ട്. പതിമൂന്നാം വയസിൽ ആദ്യം പീഡിപ്പിച്ചത് ആൺ സുഹൃത്താണെന്നാണ് പെൺകുട്ടിയുടെ മൊഴി. പിതാവിൻറെ സുഹൃത്തുക്കളും ആൺ സുഹൃത്തിൻറെ കൂട്ടുകാരും പീഡിപ്പിച്ചു. പിതാവിൻറെ ഫോൺ വഴി പരിചയപ്പെട്ടത് 32 പേരെയാണ്. പ്രതികൾ നഗ്നചിത്രങ്ങൾ കൈമാറിയെന്നും അതുകാട്ടി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി മൊഴി നൽകി.


പെൺകുട്ടിയെ പത്തനംതിട്ട ചുട്ടിപ്പാറയിൽ എത്തിച്ചും പീഡിപ്പിച്ചു. പൊതുസ്ഥലങ്ങളിലും പീഡനം നടന്നതായാണ് വിവരം. സ്കൂളിലും കാറിലും പീഡനം നടന്നിട്ടുണ്ട്. പ്രതികളിൽ ചിലർ വീട്ടിലെത്തിയും പീഡിപ്പിച്ചു. പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. ഫോൺ രേഖകൾ വഴി നാൽപതോളം പേരെ തിരിച്ചറിഞ്ഞെന്നാണ് സൂചന. പ്രതികൾക്കെതിരെ എസസി, എസ്ടി പീഡന നിരോധന നിയമവും ചുമത്തും.























