സിങ്കപ്പുർ റിവർ വാലിയിലെ തീപ്പിടിത്തത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു പവൻ കല്യാണിന്റെ മകൻ വീട്ടിൽ തിരിച്ചെത്തിയതായി സഹോദരനും നടനുമായ ചിരഞ്ജീവി അറിയിച്ചു. എക്‌സിലെ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മാർക് ശങ്കർ സുഖംപ്രാപിച്ചുവരുന്നതായും ചിരഞ്ജീവി അറിയിച്ചു.

‘ഞങ്ങളുടെ കുഞ്ഞ് മാർക് ശങ്കർ വീട്ടിലെത്തി. അവൻ സുഖം പ്രാപിക്കേണ്ടതുണ്ട്. കുലദൈവമായ ആഞ്ജനേയ സ്വാമിയുടെ അനുഗ്രവും കാരുണ്യത്താലും അവൻ ഉടൻ തന്നെ പൂർണ്ണ ആരോഗ്യവാനായി സാധാരണനിലയിലേക്ക് മടങ്ങിയെത്തും’, ചിരഞ്ജീവി കുറിച്ചു. അപകടത്തിൽ കുടുംബത്തിനൊപ്പം നിന്നവർക്കും മാർക് ശങ്കറിന് വേണ്ടി പ്രാർഥിച്ചവർക്കും ചിരഞ്ജീവി നന്ദി പറഞ്ഞു.


സിങ്കപുരിലെ സ്‌കൂളിലുണ്ടായ തീപ്പിടിത്തത്തിലാണ് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണിന്റെ മകന് പൊള്ളലേറ്റത്ത്. എട്ടുവയസ്സുകാരനായ മാർക് ശങ്കറിന്റെ കൈയ്ക്കും കാലിനുമായിരുന്നു പൊള്ളലേറ്റത്. പുക ശ്വസിച്ചതിനെത്തുടർന്ന് ശ്വാസകോശസംബന്ധമായ അസ്വസ്ഥതകളും നേരിട്ടിരുന്നു. തുടർന്ന് സിങ്കപുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടവാർത്ത അറിഞ്ഞ പവൻ കല്യാൺ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി സിങ്കപുരിലേക്ക് പോയിരുന്നു. പവൻ കല്യാണിനൊപ്പം ചിരഞ്ജീവിയും ഭാര്യ സുരേഖയുമുണ്ടായിരുന്നു. പവൻ കല്യാണിന്റേയും മൂന്നാംഭാര്യ അന്ന ലെസ്നേവയുടേയും ഇളയമകനാണ് മാർക് ശങ്കർ. 2017-ലാണ് മാർക്കിന്റെ ജനനം. ദമ്പതിമാർക്ക് പൊലേന അഞ്ജന പവനോവ എന്ന പെൺകുട്ടിയുമുണ്ട്.























