നടന്‍ സിദ്ദിഖ് വിദേശത്തേക്ക്; ഒരുമാസത്തേക്ക് അനുമതി നല്‍കി കോടതി

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിന് ഒരുമാസത്തെ വിദേശസന്ദര്‍ശനത്തിന് അനുമതി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് അനുമതി നല്‍കിയത്. യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ പോകാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈമാസം പത്തൊന്‍പത് മുതല്‍ അടുത്തമാസം പതിനെട്ടുവരെയാണ് അനുമതി. അതിനുശേഷം പാസ്‌പോര്‍ട്ട് കോടതിയില്‍ തിരകെ നല്‍കണം. വിദേശത്ത് ചില സിനിമ ചിത്രീകരണങ്ങളില്‍ പങ്കെടുക്കണമെന്ന ആവശ്യപ്പെട്ടാണ് പാസ്പോര്‍ട്ട് വിട്ടുകിട്ടാനായി സിദ്ദിഖ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് സിദ്ദിഖിനെതിരായ പരാതി. നടി പരാതിയില്‍ പറഞ്ഞ ദിവസം സിദ്ദിഖ് ഹോട്ടലില്‍ താമസിച്ചതിനും നടി അവിടെ വന്നതിനും തെളിവുണ്ട്. നടിക്ക് സന്ദേശമയച്ചതടക്കം തെളിവുകളും അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറയുന്നു.