മുഖ്യമന്ത്രി പ്രതിയല്ലായിരുന്നോ? മന്ത്രിമാർ പ്രതികളല്ലേ? സ്റ്റേഷനിലിട്ട് മർദിക്കുമോ?; കസ്റ്റഡി മർദനത്തില്‍ രാഹുൽ

തിരുവനന്തപുരം: കുന്നംകുളം കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന് ഫെയ്സ്ബുക്കിൽ കൂടി മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പൊതുപ്രവർത്തകനും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ സുജിത് കേസിൽ പ്രതിയാകുന്നത് സ്വഭാവികമാണെന്ന് രാഹുൽ കുറിച്ചു.

ഈ സർക്കാരിനെതിരെ സമരം ചെയ്തതിന്റെ പേരിൽ നൂറിലധികം കേസുകളിൽ പ്രതികളായ സഹപ്രവർത്തകർ വരെയുണ്ട് യൂത്ത് കോൺഗ്രസിൽ. അത് രാഷ്ട്രീയ കേസുകളാണ്. അത് ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിക്കാനുള്ള മാനദണ്ഡം അല്ലല്ലോ. ആ മാനദണ്ഡം വെച്ചാണെങ്കിൽ അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? എന്നും രാഹുൽ കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ബഹു മുഖ്യമന്ത്രി,

പൊതുപ്രവർത്തകനും, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമായ സുജിത് കേസുകളിൽ പ്രതിയാകുന്നത് സ്വഭാവികമാണ്. അതും അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ. ഈ സർക്കാരിനെതിരെ സമരം ചെയ്തതിന്റെ പേരിൽ 100 ഇൽ അധികം കേസുകളിൽ പ്രതികളായ സഹപ്രവർത്തകർ വരെയുണ്ട് യൂത്ത് കോൺഗ്രസിൽ. അത് രാഷ്ട്രീയ കേസുകളാണ്. അത് ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിക്കാനുള്ള മാനദണ്ഡം അല്ലല്ലോ. ആ മാനദണ്ഡം വെച്ചാണെങ്കിൽ അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ?

അങ്ങയുടെ ഒപ്പം പ്രവർത്തിക്കുന്ന മന്ത്രിമാർ പ്രതികൾ അല്ലേ? അങ്ങയെ പിന്തുണയ്ക്കുന്ന ഭരണപക്ഷ എംഎൽഎമാർ പ്രതികൾ അല്ലേ? അവരെയൊക്കെ സ്റ്റേഷനിലിട്ട് മർദ്ദിക്കുമോ?- രാഹുൽ കുറിച്ചു.

കുന്നംകുളം എരുമപ്പെട്ടി പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ സുജിത്ത് പ്രതിയാണെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. പോലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾക്ക് തെളിവുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല അന്വേഷണം നടത്തിയെന്നും നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സഭാ സമ്മമ്മേളനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച നിയമസഭയിലെത്തിയിരുല്ല. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിട്ടുനില്‍ക്കുന്നതായാണ് ലഭിക്കുന്ന വിശദീകരണം. സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച രാഹുല്‍ നിയമസഭയിലെത്തിയിരുന്നു.