തിരുവനന്തപുരം: ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പേരൂർക്കട സ്റ്റേഷനിലെ എസ് ഐയെ സസ്പെൻഡ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കന്റോൺമെന്റ് എസിപിയുടെ വിശദമായ റിപ്പോർട്ടിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.

ജോലി ചെയ്യുന്ന വീട്ടിൽനിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ മാസം 23 നാണ് പേരൂർക്കട സ്വദേശി ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. താൻ മോഷ്ടിച്ചിട്ടില്ലെന്ന് പൊലീസുകാരുടെ കാലുപിടിച്ചു പറഞ്ഞിട്ടും എസ്ഐയും സംഘവും ദളിത് സ്ത്രീക്ക് മുന്നിൽ അധികാരം പ്രയോഗിച്ചുവെന്നാണ് കണ്ടെത്തൽ. അമ്പലമുക്ക് സ്വദേശി ഓമന ഡാനിയേലാണ് വീട്ടുജോലിക്കാരിയായ ബിന്ദുവിനെതിരെ പൊലീസിൽ മോഷണത്തിന പരാതി നൽകിയത്. സ്ത്രീകളെ രാത്രി സ്റ്റേഷനിൽ വിളിച്ചുകൊണ്ടുപോയി ചോദ്യം ചെയ്യരുതെന്ന നിയമം നിലനിൽക്കെ പേരൂർക്കട പൊലീസ് ബിന്ദുവിനോട് കാണിച്ചത് കൊടുംക്രൂരതയാണ്. കുടിക്കാൻ വെള്ളം പോലും കൊടുക്കാതെ 20 മണിക്കൂറോളം ക്രൂരമായി ചോദ്യംചെയ്തു. മോഷണക്കുറ്റം സമ്മതിച്ചില്ലെങ്കിൽ പെൺമക്കളെ കേസിൽ കുടുക്കുമെന്നായിരുന്നു പൊലീസിന്റെ ഭീഷണി. പിറ്റേന്ന് വീട്ടിൽനിന്ന് തന്നെ സ്വർണം കിട്ടിയതോടെ ബിന്ദുവിനെ പറഞ്ഞുവിടുകയായിരുന്നു.

























