ദിലീപ് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’യിലൂടെ താരം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നുവെന്ന് നിർമാതാവും തിയറ്റർ ഉടമ കൂടിയുമായ ലിബർട്ടി ബഷീർ. എട്ട് വർഷത്തിനുശേഷം മലയാള സിനിമയിലേക്കുള്ള ദിലീപിന്റെ തിരിച്ചുവരവാണ് ഈ സിനിമയെന്നും ബഷീർ പറയുന്നു.

‘‘2017ന് ശേഷം ഇത് ദിലീപിന്റെ തിരിച്ച് വരവ് തന്നെയാണ്. കുറേക്കാലത്തിന് ശേഷം ‘തുടരും’ എന്ന പടത്തിനാണ് പതിനഞ്ചും ഇരുപതും ഒക്കെ ടിക്കറ്റുകൾ ഒരുമിച്ച് വിറ്റ് പോകുന്നത് കാണുന്നത്. അതേ പോലെ തന്നെ കഴിഞ്ഞ നാലഞ്ച് ദിവസമായി പതിനഞ്ചും ഇരുപതും ടിക്കറ്റുകൾ കൂട്ടത്തോടെ ഫാമിലികളിൽ നിന്നാണ് വിളിച്ചിട്ട് എടുക്കുന്നത്. അത് നല്ല സിനിമയുടെ ഒരു ലക്ഷണം തന്നെയാണ്.


പ്രിൻസ് ആൻഡ് ഫാമിലി നല്ല പടം തന്നെയാണ്. അവസാനത്തെ 20 മിനുറ്റൊക്കെ സൂപ്പറായിട്ടുണ്ട് എന്നാണ് പറയുന്നത്. ദിലീപിന്റെ ഈ പടം വന്നതിന് ശേഷം രാത്രി 11 മണിക്കും 12 മണിക്കുമൊക്കെ ശേഷവും തിയറ്ററുകൾ ഫുൾ ആണെന്നത് പടത്തിന്റെ വിജയത്തിന്റെ ഒന്നാമത്തെ ലക്ഷണമാണ്. രാത്രി 12 മണിക്ക് ശേഷം അഡീഷനൽ ഷോ ഇടേണ്ടി വരുന്നുണ്ട്. അത് തന്റെ തിയറ്ററിൽ മാത്രമല്ല, ഈ പടം കളിക്കുന്ന കേരളത്തിലെ മിക്ക തിയറ്ററുകളിലും രാത്രി 12ന് ശേഷം അഡീഷനൽ ഷോ ഇട്ട് ഹൗസ് ഫുള്ളായി പോകുന്നു എന്ന് പറഞ്ഞാൽ അത് ഏറ്റവും വലിയ വിജയമാണ്. ഈ പടത്തിനും വരാൻ പോകുന്ന എല്ലാ പടങ്ങൾക്കും ദിലീപിനും മാജിക് ഫ്രെയിംസിനേയും ആശംസകൾ അറിയിക്കുന്നു.’’–ലിബർട്ടി ബഷീർ പറഞ്ഞു.























