പത്തനംതിട്ട: നിയമസഭ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ 33 ശതമാനം സംവരണം നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിൽ നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭ സീറ്റുകൾ കുറയ്ക്കില്ല. 2029 ൽ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കും. ഏപ്രിൽ 16,17, 18 തീയതികളിൽ ചർച്ച നടക്കുന്നുണ്ട്. ജനസംഖ്യ അടിസ്ഥാനത്തിൽ സീറ്റ് കുറയ്ക്കുമെന്നത് വ്യാജപ്രചാരണമാണ്. ഒരു സംസ്ഥാനത്തേയും സീറ്റ് കുറയ്ക്കില്ല. എല്ലാവരേയും ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്. എല്ലാ കക്ഷികളോടും സീറ്റ് വർധന പാസാക്കാൻ അഭ്യർഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘‘തൊഴിൽ അന്വേഷിച്ച് സംസ്ഥാനം വിട്ടുപോകുന്ന യുവക്കളുടെ എണ്ണം വർധിക്കുകയാണ്. അഴിമതിയും വർഗീയതയും തകർന്നാൽ മാത്രമേ വികസനം വരൂ. ഇതിനായി ഇടതു വലതു മുന്നണികളെ പരാജയപ്പെടുത്തണം. വിദേശത്ത് ഇരുന്നും യുവാക്കൾ കേരളത്തെ സ്നേഹിക്കുന്നു. പുറത്തു നിന്ന് ഇങ്ങോട്ട് പണം വരുന്നു. എന്നാൽ കോൺഗ്രസ് വലിയ ചതി ചെയ്യുകയാണ്. പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധം അവരുടെ പദ്ധതികൾ പുറത്തു കൊണ്ടു വരുന്നു. ഗൾഫ് സൗഹൃദം തകർക്കാനുള്ള പ്രസ്താവനകളാണ് കോൺഗ്രസ് നടത്തുന്നത്. എല്ലാവരുടെയും സുരക്ഷയാണ് പ്രധാനം. ഇത്തരം പ്രസ്താവനകൾ നടത്തരുത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഭാരതീയരെ പുറത്താക്കാനാണ് ഇത്തരം പ്രകോപനങ്ങൾ. തിരഞ്ഞെടുപ്പ് വരും പോകും, അതല്ല പ്രശ്നമെന്നും മോദി പറഞ്ഞു.

























