പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് നിതിൻ രാജ് കരഞ്ഞു കൊണ്ട് ഇറങ്ങി പോകുന്ന ദൃശ്യങ്ങൾ പൊലീസിന്

കണ്ണൂർ: ആർ എൽ നിതിൻ രാജിന്റെ മരണത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന്. പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് നിതിൻ രാജ് കരഞ്ഞു കൊണ്ട് ഇറങ്ങി പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. നിതിൻ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടെന്ന് ദൃക്‌സാക്ഷികളുടെ മൊഴിയും പൊലീസിന് ലഭിച്ചു. മരണത്തിന് തൊട്ടുമുൻപ് നിതിൻ രാജിനെ പ്രിൻസിപ്പൽ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ഇത് വിദ്യാർഥികൾ സമ്മതിക്കുന്നുണ്ട്. അതിനുമുൻപ് റാം എന്ന അധ്യാപകനുമായി വാക്കുതർക്കമുണ്ടായിരുന്നു. അതിന് പിന്നാലെയാണ് പ്രിൻസിപ്പാൾ ഓഫീസിലേക്ക് വിളിപ്പിച്ചത്. ഓഫീസിൽ പ്രിൻസിപ്പൽ വിനോദ് മോനിയും മറ്റൊരു അധ്യാപകനുമാണ് ഉണ്ടായിരുന്നത്. ഓഫീസിൽ നിന്ന് പുറത്തേക്ക് നിതിൻ കരഞ്ഞുകൊണ്ടാണ് വന്നതെന്ന് മറ്റ് വിദ്യാർഥികളും മൊഴി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളാണ് ശേഖരിച്ചത്. പ്രിൻസിപ്പൽ ഓഫീസിൽ വച്ച് നിതിന് എന്തെങ്കിലും മോശം അനുഭവം ഉണ്ടിയിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

അതേസമയം, സംഭവത്തിൽ പ്രതികളായ അധ്യാപകരുടെ അറസ്റ്റ് ഉടൻ ഉണ്ടാകില്ല. മതിയായ തെളിവുകൾ ശേഖരിച്ചിട്ട് മതി അറസ്റ്റെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. നിലവിൽ ആരോപണ വിധേയരായ രണ്ട് അധ്യാപകരും ഒളിവിൽ തുടരുകയാണ്. ഇന്നലെ അന്വേഷണസംഘം തിരുവനന്തപുരം എത്തി രക്ഷിതാക്കളുടെയും അയൽവാസികളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

ദന്തൽ കോളജിൽ വിദ്യാർഥികൾക്ക് ആർക്കും പ്രതികരിക്കാനുള്ള സംവിധാനം ഇല്ലെന്ന് കൊല്ലപ്പെട്ട നിതിൻ രാജിന്റെ അച്ഛൻ രാജൻ ഇന്നലെ പറഞ്ഞിരുന്നു. പലരും പരാതി പറയാത്തത് പേടിച്ചിട്ടാണ്. മകന്റെ മരണത്തോടെയാണ് കാര്യങ്ങൾ പുറത്തുവരുന്നത്. വിദ്യാർഥികൾ ആദ്യമേ പ്രതികരിക്കേണ്ടത് ആയിരുന്നു അങ്ങനെയെങ്കിൽ മകന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. ഇനിയും വിദ്യാർഥികൾ പുറത്തു വന്ന് കാര്യങ്ങൾ സംസാരിക്കണമെന്നും നേരിട്ട അധിക്ഷേപങ്ങൾ തുറന്നുപറയണമെന്നും രാജൻ പറഞ്ഞു.