തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ എംപി ഓഫിസിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ഓഫിസിൽ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചു. ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകളെ മോചിപ്പിക്കുന്നതിലും തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിലും സുരേഷ് ഗോപിക്കെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെയാണ് നീക്കം. പ്രതിപക്ഷ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് ഓഫിസിനു സുരക്ഷ ഏർപ്പെടുത്തിയത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ അട്ടിമറി നടന്നെന്ന ആരോപണം ശക്തമാക്കി കോൺഗ്രസും എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ്.സുനിൽകുമാറും രംഗത്തെത്തിയിരുന്നു. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടർ പട്ടികയിൽ ചേർത്തുവെന്നാണ് ഇരു മുന്നണികളുടെയും ആരോപണം. വിജയിച്ച സ്ഥാനാർഥി സുരേഷ് ഗോപിയുടെ സഹോദരൻ ഉൾപ്പെടെ 11 പേരെ ബൂത്ത് നമ്പർ 116ൽ 1016 മുതൽ 1026 വരെ ക്രമനമ്പറിൽ ചേർത്തതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചു. എന്നാൽ, ഇപ്പോൾ പുറത്തുവന്ന പട്ടികയിൽ ഇവരുടെ പേരുകളില്ല. ഇവർ സ്ഥിരതാമസക്കാരല്ല എന്നതിന്റെ തെളിവാണിതെന്നും ടാജറ്റ് ആരോപിച്ചിരുന്നു.


അതിനിടെ സുരേഷ് ഗോപിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സുരേഷ്ഗോപിയെ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തശേഷം മണ്ഡലത്തിൽ കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്.























