ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിൽ പ്രതി സജി നടത്തിയത് ക്രൂര കൊലപാതകമെന്ന് പൊലീസ്. സഹോദരൻ റെജിയെ മർദിച്ചതിന് ശേഷം കഴുത്തിൽ തോർത്ത് മുറുക്കിയാണ് സജി കൊലപ്പെടുത്തിയത്. അമ്മ മേരിക്കുട്ടിയെ മുഖത്തിടിച്ചും ഭിത്തിയിലേക്കെറിഞ്ഞും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം രണ്ടുദിവസം വീടിന് പുറത്ത് ഗ്രീൻ നെറ്റിൽ പൊതിഞ്ഞ് സൂക്ഷിച്ചെന്നും മൂന്നാം ദിവസം അർധരാത്രിയ്ക്ക് ശേഷമാണ് കുഴിച്ചിട്ടതെന്നുമാണ് സജി പൊലീസിനോട് സമ്മതിച്ചിരിക്കുന്നത്. ഈ മാസം നാലാം തിയതിയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊല നടന്നത്.

സഹോദരൻ റെജിയുടെ മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതുമാണ് പകയ്ക്ക് കാരണമെന്ന് സജി പൊലീസിനോട് പറഞ്ഞു. മാത്യുവിന്റെ മകനല്ല സജിയെന്ന് പറഞ്ഞ് റെജി നിരന്തരം ആക്ഷേപിച്ചിരുന്നു. സജിയെ വിവാഹം കഴിക്കാൻ അനുവദിക്കാതിരുന്നതും പകയ്ക്ക് കാരണമായി. ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഞായറാഴ്ച വൈകിട്ട് ഒളിവിൽ പോയ സജി വീടിന് സമീപത്തെ മലമുകളിൽ കഴിയുകയായിരുന്നു. പൊലീസിന്റെയും നാട്ടുകാരുടെയും പരിശോധനകളെല്ലാം സജി കൃത്യമായി മനസ്സിലാക്കി. ഒടുവിൽ പിടിയിലാകുമെന്ന് ഉറപ്പിച്ചതോടെ മലയിറങ്ങി. ഒളിവിൽ കഴിഞ്ഞിരുന്ന സജിയെ നാട്ടുകാരും പൊലീസും ചേർന്ന് സംയുക്തമായി നടത്തിയ തിരച്ചിലാണ് പിടികൂടിയത്. മാതാവ് മേരിക്കുട്ടിയെയും, സഹോദരൻ റെജിയെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് സജി പൊലീസിന് നൽകിയ മൊഴി.2018 -ൽ കാണാതായ സജിയുടെ പിതാവ് മാത്യുവിന്റെ തിരോധാനത്തിലും പൊലീസ് പുനരന്വേഷണം നടത്തും.

























