‘ബാബുരാജിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു’; മാലാ പാർവതിക്കെതിരെ മറ്റ് വനിതാ അംഗങ്ങൾ

ശ്വേതാ മേനോന് എതിരായ കേസുമായി ബന്ധപ്പെട്ട് ബാബുരാജിനെതിരെ മാലാ പാർവതി നടത്തിയ പരാമർശത്തിനെതിരെ പ്രതികരിച്ച് വനിതാ അംഗങ്ങൾ. മാലാ പാർവതി ചെയ്ത് കൂട്ടുന്നത് മാധ്യമ ശ്രദ്ധ ലഭിക്കാനുള്ള കാര്യങ്ങളെന്ന് വനിത അംഗങ്ങൾ പറഞ്ഞു. ബാബുരാജിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് മാലാ പാർവതി ഉന്നയിക്കുന്നതെന്നും അവർ വിമർശിച്ചു. കേസിനുപിന്നിൽ ബാബുരാജല്ലെന്നും നെറികെട്ട കളികൾക്ക് കൂട്ടുനിൽക്കുന്ന ആളല്ല അദ്ദേഹമെന്നുമാണ് പൊന്നമ്മ ബാബു പറഞ്ഞത്.

ഇത്രയും നെറികെട്ട കളിക്ക് ബാബുരാജ് കൂട്ട് നിൽക്കില്ല എന്നാണ് എൻറെ വിശ്വാസം. ഞാൻ മനസിലാക്കിയ ഒരാൾ എന്ന നിലയിൽ ബാബുവിനെ കുറിച്ച് എനിക്ക് അതേ പറയാനുള്ളൂ. ബാബുവിനെ പറ്റി വല്ലതും പറഞ്ഞാൽ നമ്മൾ ബാബു രാജിൻറെ സൈഡാണ് എന്നല്ലെ പറയുന്നേ, അങ്ങനെയൊന്നുമില്ല. എവിടെ എന്ത് തെറ്റ് കണ്ടാലും നമ്മൾ സംസാരിക്കും. എനിക്ക് അമ്മ സംഘടന എന്ന് പറയുന്നത് എൻറെ കുടുംബം പോലെയാണെന്നും പൊന്നമ്മ ബാബു പറഞ്ഞു.

മാലാ പാർവതി മീഡിയ അറ്റൻഷൻ കിട്ടാൻ വേണ്ടിയിട്ട് ചെയ്യുന്നതാണ്. അവർ കളത്തിലേ ഇല്ലാത്ത സ്ത്രീയാ. ആർക്കൊക്കെയോ വേണ്ടി കാശും മേടിച്ച് പണിയെടുക്കുന്നു. മാലാ പാർവതിക്ക് വേണ്ടി ഇരിക്കുന്നവരല്ല ഞങ്ങൾ. അമ്മ സംഘടനയ്ക്ക് വേണ്ടി ഇരിക്കുന്നവരാണ്. വെറുതെ മീഡിയയിൽ ഉറങ്ങി അമ്മയേയും നാറ്റിച്ച്. ഞങ്ങളുടെ സഹോദരിമാരെയും നാറ്റിച്ച് ഇവരെന്തിനാ എല്ലാ ചാനലും കയറി ഇറങ്ങി നടക്കുന്നെ എന്നും പൊന്നമ്മ വിമർശിച്ചു.