കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ താൻ വേട്ടയാടപ്പെട്ട നിരപരാധിയാണെന്ന് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ നിന്നും അല്ലാതെയും നിരവധി വിമർശനങ്ങൾ പി പി ദിവ്യ നേരിട്ടിരുന്നു. ഇതിനെല്ലാം മറുപടിയെന്നോണം ഈസ്റ്റർ ദിന സന്ദേശത്തിലാണ് പി പി ദിവ്യ ഒളിയമ്പെയ്തത്. നിസ്വാർഥരായ മനുഷ്യർക്കായി ചോദ്യങ്ങൾ ഉയർത്തിയതിനാലാണ് യേശുവിന് കുരിശ് മരണം വിധിക്കപ്പെട്ടത് എന്ന വിശ്വാസം ചേർത്തുപ്പിടിച്ച് കൊണ്ട് ആണ് താൻ നിരപരാധിയാണെന്ന് പി പി ദിവ്യ യൂട്യൂബ് വിഡിയോയിലൂടെ പരോക്ഷമായി സമർഥിക്കുന്നത്.

ഒറ്റനോട്ടത്തിൽ പരോക്ഷമായി തോന്നുമെങ്കിലും പരസ്യമായി കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് പി പി ദിവ്യ. ഇത് ആദ്യമായിട്ടല്ല ഇത്തരത്തിൽ പ്രതികരണവുമായി പി പി ദിവ്യ രംഗത്തുവരുന്നത്. ഇതിന് മുൻപും നിലപാട് വ്യക്തമാക്കി പി പി ദിവ്യ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന തലവാചകത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. ‘തെറ്റായ ആരോപണം ഉന്നയിച്ച് ക്രൂശിച്ച് കൊന്നു.ഒപ്പം ഇരുന്ന് അത്താഴം കഴിച്ചവരായിരുന്നു ഒറ്റിക്കൊടുത്തവർ. ഒപ്പം നടന്നവരായിരുന്നു കല്ലെറിഞ്ഞത്. എത്ര സത്യസന്ധമായി ജീവിച്ചാൽ പോലും ആൾക്കൂട്ടം കാര്യം അറിയാതെ കല്ലെറിയും. എങ്കിലും നമ്മുടെ ജീവിതം സത്യസന്ധമാണെങ്കിൽ ഇന്നല്ലെങ്കിൽ നാളെ ഏത് പാതാളത്തിലാണെങ്കിലും കുതിച്ച് ഉയർന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാമെന്ന സന്ദേശമാണ് ഈസ്റ്റർ നൽകുന്നത്. ഇരയുടെ വേദന തിരിച്ചറിയാത്തിടത്തോളം കാലം സമൂഹത്തിന്റെ മനസ് എന്നും വേട്ടക്കാരന്റേത് തന്നെയാണ്. വേട്ടയാടപ്പെട്ടവരുടെ ആത്യന്തിക സത്യത്തിന്റെ ദിനം വരിക തന്നെ ചെയ്യും. വെള്ളിയാഴ്ച സത്യത്തെ ക്രൂശിച്ചാൽ അത് ഞായറാഴ്ച ഉയർത്തെഴുന്നേൽക്കും.’- ഇത്തരത്തിലാണ് പി പി ദിവ്യയുടെ വിഡിയോ നീളുന്നത്.

























