വൈഭവ് സൂര്യവംശിക്കൊപ്പമുള്ള ചിത്രം ; മോര്‍ഫ് ചെയ്തതാണെന്ന് പ്രീതി സിന്റ

ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ താരം വൈഭവ് സൂര്യവംശിക്കൊപ്പമുള്ള ചിത്രം വ്യാജമാണെന്ന് ബോളിവുഡ് നടിയും പഞ്ചാബ് കിങ്‌സ് സഹഉടമയുമായ പ്രീതി സിന്റ. മത്സരശേഷം 14-കാരനായ വൈഭവിനെ പ്രീതി സിന്റെ കെട്ടിപ്പിടിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.

എന്നാല്‍ ആ ചിത്രം മോര്‍ഫ് ചെയ്തതാണെന്നും അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വ്യാജമാണെന്നും നടി എക്‌സില്‍ കുറിച്ചു. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വാര്‍ത്താ ചാനലുകള്‍ പോലും ഉപയോഗിക്കുന്നത് കണ്ട് താന്‍ അമ്പരന്നുപോയെന്നും നടി പറയുന്നു.

ഇതിന്റെ യഥാര്‍ഥ വീഡിയോ രാജസ്ഥാന്‍ റോയല്‍സ് അവരുടെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. ജയ്പൂരില്‍ നടന്ന രാജസ്ഥാനും പഞ്ചാബും തമ്മിലുള്ള മത്സരശേഷം ഇരുടീമിലേയും താരങ്ങളുമായി പ്രീതി സിന്റ സംസാരിച്ചിരുന്നു. പ്രീതി സിന്റ വൈഭവിന്റെ അടുത്തേക്ക് പോകുന്നതും ഇരുവരും ഹസ്തദാനം ചെയ്തശേഷം സംസാരിക്കുന്നതും രാജസ്ഥാന്‍ പങ്കുവെച്ച വീഡിയോയില്‍ കാണാം.