വേടന്റെ പരിപാടി; ജനത്തിരക്കില്‍ നഷ്ടം രണ്ടുലക്ഷത്തോളം; പട്ടികജാതി വികസന വകുപ്പിന് പാലക്കാട് നഗരസഭ നോട്ടീസ് നല്‍കി

പാലക്കാട്: പാലക്കാട് നടന്ന വേടൻറെ (ഹിരൺദാസ് മുരളി) പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും ഒന്നരലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി നഗരസഭാ സെക്രട്ടറി. ഈ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരിപാടിയുടെ സംഘാടകരായ പട്ടികജാതി വികസന വകുപ്പിന് പാലക്കാട് നഗരസഭ നോട്ടീസ് നല്‍കി. കോട്ടമൈതാനത്തെ ഇരിപ്പിടങ്ങളും വേസ്റ്റ്ബിന്നുകളും നശിപ്പിച്ചതായി പരാതിയില്‍ പറയുന്നു.

1,75,552 രൂപയുടെ നഷ്ടമുണ്ടായതായാണ് നഗരസഭ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് പട്ടികജാതി വികസന വകുപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. തുക മുഴുവനായും അടയ്ക്കാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് സൗത്ത് പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.

സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പാലക്കാട് കോട്ടമൈതാനത്ത് വേടൻ സംഗീത പരിപാടി അവതരിപ്പിച്ചത്. പരിപാടിക്ക് വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു. അനിയന്ത്രിതമായി ജനങ്ങള്‍ എത്തിയതോടെയാണ് സ്ഥലത്ത് നാശനഷ്ടങ്ങള്‍ ഉണ്ടായത്.