തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ പുതിയ ഭരണസമിതി ചുമതലയേൽക്കുന്ന ചടങ്ങിൽ നിന്നും വിട്ടു നിന്നത് ചടങ്ങിന് ലക്ഷണിക്കാത്തത് കൊണ്ടെന്ന് നടനും മുൻ അധ്യക്ഷനുമായ പ്രേം കുമാർ. ഔദ്യോഗികമായി ഒരു അറിയിപ്പും ഇത് സംബന്ധിച്ച് തനിച്ച് ലഭിച്ചിരുന്നില്ല. അതിൽ വിഷമുണ്ട് എന്നും പ്രേം കുമാർ വ്യക്തമാക്കി. ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിച്ചതിന് പിന്നാലെ ഉയർന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രേം കുമാർ.

സാംസ്‌കാരിക വകുപ്പും പ്രേംകുമാറും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രതികരണം. റസൂൽ പൂക്കുട്ടി ചുമതലയേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്ന് തുറന്നുപറയുകയാണ് പ്രേംകുമാർ ചെയ്യുന്നു. ഒരു മഹാ പ്രതിഭയാണ് തനിക്ക് ശേഷം ആ ചുമതലയിലേക്ക് വന്നത്. ലോക സിനിമയിൽ മലയാളത്തെ എത്തിച്ച കലാകാരൻ ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷൻ ആകുന്ന ചടങ്ങിൽ സാന്നിധ്യമാകാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അറിപ്പും ക്ഷണവും ലഭിച്ചില്ല, അതിൽ വലിയ വിഷമമുണ്ടെന്നും പ്രേംകുമാർ തുറന്നുപറയുന്നു. ചുമതല നൽകിയതും മാറ്റിയതും സർക്കാരാണ്. അത് അംഗീകരിക്കുന്നു. സർക്കാരാണ് തന്നെ ചലച്ചിത്ര അക്കാദമി അധ്യക്ഷനായി നിയോഗിച്ചത്, തന്നെ ഏൽപ്പിച്ച ചുമതല സുതാര്യമായും ആത്മാർത്ഥയോടും കൂടി നിർവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയ വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും പ്രേം കുമാർ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടു നിന്നു, ആശ സമരത്തോട് അനൂകൂല നിലപാട് എടുത്തു തുടങ്ങിയ സാഹചര്യങ്ങളാണ് പ്രേം കുമാറിന് തിരിച്ചടിയായത് എന്ന നിലയിലുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കുന്നില്ലെന്നായിരുന്നു പ്രേം കുമാറിന്റെ പ്രതികരണം.

























