‘പണ്ട് ഞാൻ സാറിനെയിരുത്തി വള്ളം തുഴഞ്ഞിട്ടുണ്ട്’; മധുവിനൊപ്പം മമ്മൂട്ടി

നടൻ മധുവിനെ നേരിൽക്കണ്ട് മമ്മൂട്ടി. ശനിയാഴ്ച ഉച്ചയ്ക്കാണ് മമ്മൂട്ടി ‘തന്റെ സൂപ്പർ സ്റ്റാറാ’യ നടൻ മധുവിനെ കാണാൻ കണ്ണമ്മൂലയിലെ ശിവഭവനത്തിലെത്തിയത്. ഒരുപാടുകാലത്തിനു ശേഷമാണ് ഇരുവരും ഒരുമിച്ച് കാണുന്നത്. കൂടിക്കാഴ്ചയിൽ ഇരുവരും പഴയ കാലത്തെ വിശേഷങ്ങൾ പങ്കുവച്ചു. മധുവിന്റെ മകൾ ഉമയും ഭർത്താവ് കൃഷ്ണകുമാറും അപ്രതീക്ഷിത അതിഥിയെ സ്വീകരിച്ചു. വർഷങ്ങൾക്കു മുൻപ് മമ്മൂട്ടിയുടെ ജന്മനാടായ ചെമ്പിൽ മധു ഷൂട്ടിങ്ങിനു എത്തിയിരുന്നു. അന്ന് മമ്മൂട്ടിയും കൂട്ടുകാരും വള്ളത്തിൽ ലൊക്കേഷനിൽ എത്തി. അവരോടൊപ്പം മധു വള്ളത്തിൽ കയറി ചുറ്റാൻ പോയതും ഇരുവരും ഓർത്തെടുത്തു.

മമ്മൂട്ടി; ‘നമ്മൾ തമ്മിൽ ആദ്യമായി കണ്ടത് ഓർമയുണ്ടോ? സാറു വൈക്കത്തു സിനിമാ ഷൂട്ടിങിന് വന്നുവെന്നറിഞ്ഞ് ഓടിയെത്തുകയായിരുന്നു. ഓടിയല്ല, തുഴഞ്ഞ്..! ഞാനന്നു മഹാരാജാസിലാണ്. വാപ്പ അറിയാതെ ഒരു കൂട്ടുകാരെയും കൂട്ടി ഒരു വള്ളമെടുത്തു വന്നു, കണ്ടു, അടുത്തുവന്നു പരിചയപ്പെട്ടു. കേറുവോന്നു ചോദിച്ചു. ഒരു നിമിത്തം പോലെ സാറു ഞങ്ങളുടെ കൂടെ വള്ളത്തിലോട്ടു കേറി. അപ്പോൾ എന്തായിരുന്നു മനസ്സിൽ തോന്നിയതെന്ന് അറിയാമോ? മധുസാർ എന്റെ വലിയ ഹീറോ. അങ്ങനയുള്ള ഒരാള് ഞാൻ തുഴയുന്ന വഞ്ചിയിലേക്ക് കയറിയപ്പോൾ പറഞ്ഞറയിക്കാൻ മേലാത്ത സന്തോഷമായിരുന്നേ. സാറതൊക്കെ ഓർക്കുന്നുണ്ടോ? ഞാൻ ആഞ്ഞു തുഴഞ്ഞു. എന്റെ ഹീറോയല്ലേ കൂടെയിരിക്കുന്നേ..? അന്നു കായലിൽ കുറെനേരം ചുറ്റിയടിച്ചാണ് നമ്മളു തിരികെ വന്നത്. എനിക്കത് വലിയ ഭാഗ്യമായി. ഓർക്കണുണ്ടോ? ‘വള്ളത്തിലും ബോട്ടിലുമൊക്കെ കേറുന്നത് വല്യ ഇഷ്ടവും ഉത്സാഹവുമൊക്കെ ആയിരുന്നു. അതല്ലേ രണ്ടു പയ്യന്മാരു വന്നു വാ കേറ് എന്നു പറഞ്ഞപ്പോൾ മുന്നുംപിന്നുമൊന്നും നോക്കാതെ വഞ്ചിയേലേക്കു കാലെടുത്തു വച്ചത്..! മധു മറുപടി പറഞ്ഞു.

‘അന്ന് സാറു ഞങ്ങളുടെ പഠനകാര്യങ്ങളൊക്കെ തിരക്കി. നന്നായി പഠിച്ചാൽ കൊള്ളാമെന്നു പറഞ്ഞു.’ മമ്മൂട്ടി ചേർത്ത് പറഞ്ഞു.

‘പഴയ സിനിമകൾ കാണുന്നതാണ് ഇപ്പോഴത്തെ ഇഷ്ടം. നിന്റെ ‘അമരം’ ഈയിടെ വീണ്ടും കണ്ടു. നടുക്കടലിലേക്ക് തുഴഞ്ഞു പോകുന്ന സീനൊക്കെ കൊള്ളാം. അന്നേ തുഴയാൻ പഠിച്ചതു നന്നായി.’ മധു സരസമായി പറഞ്ഞു. വീണ്ടും കാണാമെന്നു വാക്ക് നൽകിയാണ് ഇരുവരും പിരിഞ്ഞത്.