പ്രശാന്ത് നീലിന്റെ ജൂനിയർ എൻടിആർ ചിത്രത്തിൽ ടൊവിനോയും ബിജു മേനോനും; പേര് പുറത്തുവിട്ട് പൃഥ്വിരാജ്

‘കെജിഎഫ്’, ‘സലാർ’ എന്നീ ചിത്രങ്ങളുടെ സംവിധായകൻ പ്രശാന്ത് നീലിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ട് നടൻ പൃഥ്വിരാജ്. തന്റെ പുതിയ ബോളിവുഡ് ചിത്രമായ ‘സർസമീനി’ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് പൃഥ്വിരാജ്, ഇതുവരെ പ്രഖ്യാപിക്കാത്ത ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചും പൃഥ്വിരാജ് നിർണായക വിവരങ്ങൾ പങ്കുവെച്ചു.

ജൂനിയർ എൻടിആർ നായകനാവുന്ന ചിത്രത്തിന്റെ പേര് ‘ഡ്രാഗൺ’ എന്നാണെന്ന് പരോക്ഷമായാണ് പൃഥ്വിരാജ് വെളിപ്പെടുത്തിയത്. ചിത്രത്തിൽ മലയാള നടന്മാരായ ടൊവിനോ തോമസും ബിജു മേനോനും പ്രധാനവേഷത്തിൽ എത്തുന്നുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. ഇരുവരും അർഹിക്കുന്ന വേഷങ്ങളാണ് സംവിധായകൻ കരുതിവെച്ചിട്ടുള്ളതെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

ചിത്രത്തിന്റെ പേരിൽ അന്തിമതീരുമാനം ഉണ്ടാവാത്തതിനെത്തുടർന്നാണ് പ്രഖ്യാപനം നീളുകയാണ്. പ്രദീപ് രംഗനാഥൻ നായകനായി തമിഴിൽ ‘ഡ്രാഗൺ’ എന്ന പേരിൽ സിനിമ പുറത്തിറങ്ങുകയും വലിയ ഹിറ്റാവുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങൾ അടക്കം ചർച്ച ചെയ്ത ശേഷമാവും പ്രശാന്ത് നീൽ- ജൂനിയർ എൻടിആർ ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്നാണ് വിവരം.