കൊച്ചി: അന്തരിച്ച എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. എം കെ സാനുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഇന്നു രാവിലെ പത്തു മണി വരെ കൊച്ചിയിലെ വീട്ടിലും തുടർന്ന് എറണാകുളം ടൗൺഹാളിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും. മലയാള സാഹിത്യ- സാംസ്‌കാരിക ലോകത്തെ നിറസാന്നിധ്യമായിരുന്ന പ്രൊഫ. എം കെ സാനു ഇന്നലെ വൈകീട്ട് 5. 30 നാണ് അന്തരിച്ചത്. 97 വയസ്സായിരുന്നു.

കഴിഞ്ഞ മാസം 24 ന് വീട്ടിലെ ശുചുമുറിയിൽ വീണ് ഇടുപ്പെല്ലിന് പരിക്കേറ്റ സാനുമാഷ് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 25 ന് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ശരീരത്തിൽ ഓക്‌സിജൻ തോത് കുറഞ്ഞതോടെ സാനുമാഷിനെ 27 ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇതിനിടെ ന്യൂമോണിയയും ബാധിച്ചിരുന്നു.എറണാകുളം മഹാരാജാസ് കോളജിൽ ദീർഘകാലം അധ്യാപകനായിരുന്നു. എഴുത്തുകാരൻ, ചിന്തകൻ, വാഗ്മി, അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എം കെ സാനു, 1987 ൽ എറണാകുളം നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് വിജയിച്ചിരുന്നു.

























