സർക്കാർ ജോലികൾക്ക് ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല; മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കായിക പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്ന സർക്കാർ ജോലികൾക്ക് ഇനി ഉന്തിയ പല്ല് അയോഗ്യത ആയിരിക്കില്ല. ആഭ്യന്തരം, വനം- വന്യജീവി, ഗതാഗതം, എക്‌സൈസ് എന്നി വകുപ്പുകളിലെ യൂണിഫോം ഉപയോഗിക്കുന്ന തസ്തികകളിൽ ഉന്തിയ പല്ലിന്റെ പേരിലുള്ള അയോഗ്യത ഒഴിവാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

മറ്റെല്ലാ യോഗ്യതകളുണ്ടെങ്കിലും ഉന്തിയപല്ലിന്റെ പേരിൽ ഉദ്യോഗാർഥികളെ പുറത്താക്കുന്നത് സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതത് വകുപ്പുകളിൽ ഇതുസംബന്ധിച്ച് വിശേഷാൽ ചട്ടങ്ങളിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്.

ഭാവിയിൽ ദേശീയ പാതാ അതോറിറ്റി കേരളത്തിൽ നടപ്പിലാക്കുന്ന എല്ലാ പദ്ധതികൾക്കും നിർമ്മാണ വസ്തുക്കളുടെ ജിഎസ്ടി യിലെ സംസ്ഥാനവിഹിതം, റോയൽറ്റി എന്നിവ ഒഴിവാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളത്തിന്റെ വികസനത്തിന് ദേശീയ പാത വികസന പദ്ധതികളും പുതിയ ദേശീയപാതകളും അനിവാര്യമാണ് എന്നാണ് സർക്കാരിന്റെ കാഴ്ചപ്പാട്. ഇത് സംബന്ധിച്ച വിശദമായ നിർദേശം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പു മന്ത്രിക്കു സമർപ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ കൂടി പങ്കാളിത്തം ഇത്തരം പദ്ധതികളിൽ വേണമെന്ന ആവശ്യം മന്ത്രി തന്നെ മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ വിഷയം പരിശോധിക്കുകയും വരാനിരിക്കുന്ന ദേശീയപാതാ പ്രവൃത്തികളിൽ കൂടി സംസ്ഥാനത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.