ഉദ്യോഗാർത്ഥിയുടെ ജാതി അന്വേഷിക്കേണ്ട, പി എസ് സിക്ക് അതിന് അധികാരമില്ല : ഹൈക്കോടതി

കൊച്ചി: ഉദ്യോഗാർത്ഥിയുടെ ജാതി സംബന്ധിച്ച് സംശയം തോന്നിയാൽ അന്വേഷണം നടത്താൻ പിഎസ് സിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തട്ടിപ്പ് കാണിച്ചാണ് ജാതി സർട്ടിഫിക്കറ്റ് നൽകിയത് എന്നതുൾപ്പെടെ സംശയം തോന്നിയാൽ റവന്യൂ വകുപ്പിനോ ബന്ധപ്പെട്ട ഏജൻസിക്കോ വിഷയം റഫർ ചെയ്യണം. ജാതി സർട്ടിഫിക്കറ്റ് റദ്ദാക്കാനും പി എസ് സിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി എം മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഹിന്ദു നാടാർ വിഭാഗത്തിനായി നീക്കിവെച്ച ഫയർമാൻ തസ്തികയിലേക്കുള്ള നിയമനം മതംമാറിയെന്ന പേരിൽ നിഷേധിച്ച പിഎസ് സി നടപടി ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശി എസ് പി അനു സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. 2015 ൽ അനുവിന് ആദ്യം ജയിൽ വാർഡനായി നിയമനം ലഭിച്ചിരുന്നു. പിന്നീട് ഫയർമാനായി സെലക്ഷൻ ലഭിച്ചപ്പോൾ വാർഡൻ ജോലി രാജിവെച്ചു. ഒരു വർഷത്തിന് ശേഷമാണ് ജാതി തട്ടിപ്പു നടത്തിയെന്ന് കാണിച്ച് പി എസ് സി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതിക്ക് ശേഷം അനു ഹിന്ദു നാടാർ വിഭാഗത്തിൽ നിന്നും ക്രിസ്ത്യൻ മതത്തിലേക്ക് മാറി. പിന്നീട് ജയിൽ വാർഡന്റെ തസ്തികയിലേക്ക് അപേക്ഷ നൽകിയശേഷം വീണ്ടും ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നുവെന്നും പി എസ് സി ചൂണ്ടിക്കാട്ടി. അഡൈ്വസ് മെമ്മോ റദ്ദാക്കിയ പി എസ് സി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും ഉത്തരവിട്ടു. ഭാവിയിൽ അപേക്ഷ നൽകുന്നതും പിഎസ് സി വിലക്കി. ഈ ഉത്തരവ് ചോദ്യം ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്രൂണലിനെ സമീപിച്ചെങ്കിലും, പിഎസ് സി നിലപാട് ശരിവെക്കുകയായിരുന്നു. എന്നാൽ താൻ മതം മാറിയിട്ടില്ലെന്നും ക്രിസ്ത്യൻ വിഭാഗത്തിലുള്ള യുവതിയെ വിവാഹം കഴിച്ചതിന്റെ ചടങ്ങാണ് പള്ളിയിൽ നടന്നതെന്നുമാണ് ഹർജിക്കാരന്റെ വാദം. എസ്എസ്എൽസി ഉൾപ്പെടെ സർട്ടിഫിക്കറ്റുകളിൽ ഹിന്ദു നാടാർ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നും ബോധിപ്പിച്ചു. എന്നാൽ ഹർജിക്കാരൻ 2014 ൽ ആര്യസമാജം വഴി ഹിന്ദുമതം സ്വീകരിച്ചെന്നതും ഇതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനവും മതംമാറ്റത്തിന് തെളിവാണെന്ന് പിഎസ് സി വാദിച്ചു. തുടർന്ന് പിഎസ് സിയുടെ ഉത്തരവുകൾ റദ്ദാക്കിയ ഹൈക്കോടതി, ഹർജിക്കാരന്റെ ജാതി നിർണയത്തിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുന്നതിന് ഉത്തരവ് തടസ്സമല്ലെന്നും വ്യക്തമാക്കി.