‘മുഖ്യമന്ത്രിയുമായി സംസാരിച്ചു’; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഒപ്പംചേരാന്‍ യുഡിഎഫ് പ്രവര്‍ത്തകരോട് രാഹുല്‍

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖമറിയിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവും വയനാട് മുന്‍ എംപിയുമായ രാഹുല്‍ ഗാന്ധി. രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകാന്‍ എല്ലാ യുഡിഎഫ് പ്രവര്‍ത്തകരോടും രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായും വയനാട് ജില്ലാ കലക്ടറുമായും സംസാരിച്ചിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പറഞ്ഞതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരും ദുരന്തത്തില്‍ ദുഃഖം അറിയിച്ചു. വയനാട്ടില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ അതിയായ വേദനയുണ്ടെന്നും ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് അഗാധമായ അനുശോചനം അറിയിക്കുന്നതായും ഖാര്‍ഗെ എക്സില്‍ കുറിച്ചു.