തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ അതിജീവിതയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചു എന്ന കേസിൽ രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ. കസ്റ്റഡി കാലാവധി തീർന്ന പശ്ചാത്തലത്തിൽ വീണ്ടും ജയിലിലേക്ക് തിരിച്ചയക്കാൻ കോടതി ഇന്ന് തീരുമാനിക്കുകയായിരുന്നു. രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി 15ന് കോടതി പരിഗണിക്കും. നിലവിൽ രാഹുൽ ജയിലിൽ കഴിയുന്നത് 12-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ല, വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെത്താനാവുന്നില്ല, പാസ് വേർഡ് നൽകാത്തതിനാൽ ലാപ്ടോപ്പ് പരിശോധിക്കാൻ ആകുന്നില്ല എന്നി കാരണങ്ങൾ ചൂണ്ടിക്കാണിച്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിന് പൊലീസ് രണ്ടുദിവസമാണ് ചോദിച്ചത്.

എന്നാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിന് കോടതി ഒരു ദിവസം മാത്രമാണ് അനുവദിച്ചത്. ഈ സമയപരിധി ഇന്ന് രാവിലെ 11 മണിക്ക് അവസാനിച്ച പശ്ചാത്തലത്തിലാണ് രാഹുൽ ഈശ്വറിനെ പൊലീസ് കോടതിയിൽ ഹാജരാക്കിയത്. എന്നാൽ രാഹുലിന്റെ ജാമ്യഹർജി ഇന്ന് കോടതി പരിഗണിച്ചില്ല. 15ന് പരിഗണിക്കാൻ മാറ്റിയ കോടതി, വീണ്ടും ജയിലിലേക്ക് തിരിച്ചയക്കാൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ രണ്ടുതവണയാണ് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യഹർജി തള്ളിയത്. അതിജീവിതയ്ക്ക് എതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഒന്നിന് പിറകെ ഒന്നായി നടത്തിയ രാഹുൽ ഈശ്വറിനെ നവംബർ 30നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്.

























