‘എന്റെ മകൻ വന്നിട്ടുണ്ട്’; രാഹുൽ മാങ്കൂട്ടത്തിലിനെ ചേർത്തുപിടിച്ച് വയോധിക, വീഡിയോ പങ്കുവെച്ച് നടി സീമ

തിരുവനന്തപുരം: ലൈംഗികാരോപണങ്ങളെത്തുടർന്ന് മാറി നിന്ന എംഎൽഎ കെഎസ്ആർടിസി ബസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീഡിയോ പങ്കുവെച്ച് നടി സീമ ജി. നായർ. രാഹുൽ മാങ്കൂട്ടത്തിൽ ഒരു വയോധികയെ കാണാനെത്തിയതിന്റെ വീഡിയോയാണ് സീമ തന്റെ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത്. ‘ഇന്നുകണ്ട ഏറ്റവും സന്തോഷം നിറഞ്ഞ വീഡിയോ’, എന്നും സീമ കുറിച്ചു.

വീഡിയോയിൽ ഫോണിൽ സംസാരിക്കുന്ന വയോധിക ‘എന്റെ മകൻ വന്നിട്ടുണ്ട്’ എന്ന് പറയുന്നതായി കേൾക്കാം. രാഹുൽ മാങ്കൂട്ടത്തിലാണ് അത് എന്നും അവർ പറയുന്നു. മറുതലയ്ക്കലുള്ള ആളോട് രാഹുൽ തന്റെ അടുത്തിരിക്കുന്നു എന്ന് പറഞ്ഞശേഷം ഫോൺ രാഹുലിന് കൈമാറി. തുടർന്ന് രാഹുൽ അവരുമായി സംസാരിച്ചു. വയോധിക രാഹുലിനെ ചേർത്തുപിടിക്കുന്നതായും തലോടുന്നതായും വീഡിയോയിലുണ്ട്. രാഹുലിനെ കണ്ട സന്തോഷം അവർ വീഡിയോയിൽ ഉടനീളം പങ്കുവെക്കുന്നു. തുടർന്ന് രാഹുലിനോട് ഒരുക്ഷേത്രത്തിൽ പോവാനും വഴിപാടുകൾ നടത്താനും അവർ ആവശ്യപ്പെടുന്നു. കഴിഞ്ഞദിവസം ക്ഷേത്രത്തിൽ പോയ സ്ത്രീ രാഹുലിന് വേണ്ടി വഴിപാട് കഴിച്ചതായി എംഎൽഎയ്‌ക്കൊപ്പമെത്തിയ ആൾ പറയുന്നു. ‘എന്റെ മകൻ’ എന്ന് ആവർത്തിച്ച് വീഡിയോയിൽ വയോധിക രാഹുലിനെ വിശേഷിപ്പിക്കുന്നതായി കേൾക്കാം.

‘ഇന്നുകണ്ട ഏറ്റവും സന്തോഷം നിറഞ്ഞ വീഡിയോ. രാഹുൽ മാങ്കൂട്ടത്തിൽ, ഇതുപോലെ ഒരുപാട് അമ്മമാരുടെ സ്‌നേഹവും പ്രാർഥനയും രാഹുലിനുണ്ട്’, എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് നടി സീമ ജി. നായർ കുറിച്ചത്. പോസ്റ്റിനെ വിമർശിച്ച് കമന്റിടുന്നവർക്ക് രൂക്ഷമായ ഭാഷയിലാണ് നടി മറുപടിയും നൽകുന്നത്.