‘ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് വേഫെയറിനും ടീമിനും മാത്രം’; റിമയ്ക്ക്മ റുപടിയുമായി വിജയ് ബാബു

ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് മാത്രമുള്ളതാണെന്ന് നടനും നിർമാതാവുമായ വിജയ് ബാബു. ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റിനെക്കുറിച്ചുള്ള നടി റിമ കല്ലിങ്കലിന്റെ പരാമർശത്തോട് പരോക്ഷമായി പ്രതികരിക്കുകയാണ് വിജയ് ബാബു. സിനിമയക്കുറിച്ച് നടി നൈല ഉഷ പറഞ്ഞത് നേരത്തെ വാർത്തയായിരുന്നു. ഇതേക്കുറിച്ച് നടി റിമ കല്ലിങ്കിൽ ദ ന്യു ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സിൽ എത്തിയപ്പോൾ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് വിജയ് ബാബു സോഷ്യൽ മീഡിയിയലൂടെ പ്രതികരണവുമായി എത്തിയത്.

‘ദൈവത്തിന് നന്ദി. വൈശാലി, ഉണ്ണിയാർച്ച, കടത്തനാട്ട് മാക്കം, കള്ളിച്ചെല്ലമ്മ, അവളുടെ രാവുകൾ, ആദാമിന്റെ വാരിയെല്ല്, നീലത്താമര, പഞ്ചാഗ്നി, എന്റെ സൂര്യപുത്രിക്ക്, ആകാശദൂത്, ഇൻഡിപെന്റൻസ്, എൽസമ്മ എന്ന ആൺകുട്ടി, നന്ദനം, ചിന്താവിഷ്ടയായ ശ്യാമള, അച്ചുവിന്റെ അമ്മ, കളിമ്മണ്ണ്, ഹൗ ഓൾഡ് ആർ യു, പിന്നെ നമ്മുടെ സ്വന്തം 22 എഫ്‌കെയ്ക്കും സ്‌പേസ് കൊടുത്തതിന്റെ ക്രെഡിറ്റ് ആരുമെടുത്തില്ല.” വിജയ് ബാബു പറയുന്നു.

”മലയാളം എന്നും മികച്ച സ്ത്രീകേന്ദ്രീകൃത സിനിമകൾ നൽകിയിട്ടുണ്ട്. കാലം മാറുകയും, ഒടിടിയുടെ വരവോടെ നമ്മുടെ ഇൻഡസ്ട്രി വലിയ ഉയരങ്ങളിലെത്തുകയും പുതിയ പ്രേക്ഷകരെ കണ്ടെത്തുകയും ചെയ്തു. അങ്ങനെ ലോകോത്തരമായ കണ്ടന്റുകൾ ഒരുക്കാൻ ആരംഭിച്ചു. ലളിതം, വ്യക്തം. ഇതിനുള്ള ക്രെഡിറ്റ് മുഴുവനും ഈയ്യൊരു ഇടം കണ്ടെത്തുകയും അത് ചെയ്യുകയും ചെയ്ത വേഫെയറിനും ലോക ടീമിനുമുള്ളതാണ്” എന്നും വിജയ് ബാബു പറയുന്നു.

ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് ലോകയുടെ ടീമിനുള്ളതാണെന്നും. അതേസമയം സ്ത്രീകേന്ദ്രീകൃത സിനിമകളെക്കുറിച്ചുള്ള ചർച്ചകളാണ് ഇത്തരം സിനിമകൾക്ക് ഇവിടെ ഒരു സ്‌പേസ് ഉണ്ടാക്കി കൊടുത്തതെന്നുമാണ് റിമ കല്ലിങ്കൽ പറഞ്ഞത്. എന്നാൽ സോഷ്യൽ മീഡിയ താരത്തിന്റെ വാക്കുകൾ വളച്ചൊടിക്കുകയും ലോകയുടെ വിജയത്തിനുള്ള സ്‌പേസ് ഒരുക്കിയത് ഞങ്ങൾ ആണെന്ന് റിമ പറഞ്ഞതായി വ്യാഖ്യാനിക്കുകയുമായിരുന്നു.

”ലോകയുടെ ടീമിന്റെ വിജയത്തിൽ നിന്നും ഒന്നും എടുത്തു കൊണ്ടു പോകാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ഡൊമിനിക്കിനേയും നിമിഷിനേയുമൊക്കെ അറിയാം. പക്ഷെ ഇതുപോലുള്ള സംഭാഷണങ്ങളിലൂടെയാണ് ഈ സിനിമ ഉണ്ടാകാനും അത് നൽകപ്പെടാനും സാധിക്കുന്നൊരു സ്പേസും ഇന്നുണ്ടായത്. ഞങ്ങൾ സംസാരിച്ചതു കൊണ്ട് മാത്രമല്ല, ഞങ്ങൾ സംസാരിക്കുമ്പോൾ അതിന് തിരിച്ച് സംസാരിക്കുകയും മറ്റുമായി ഒരു സ്പേസ് ഉണ്ടായി. ഞങ്ങൾ ഉണ്ടാക്കിയെന്ന് പറയാൻ താൽപര്യമില്ല. നമ്മളെല്ലാം ചേർന്ന് ഒരു സ്റ്റേജ് ഉണ്ടാക്കിയെടുക്കുകയായിരുന്നു” എന്നാണ് റിമ കല്ലിങ്കൽ പറഞ്ഞത്.