പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നാളെ വോട്ട് ചെയ്യാൻ പാലക്കാട് എത്തിയേക്കുമെന്ന് വിവരം. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ബൂത്ത് നമ്പർ രണ്ടിലാണ് രാഹുലിന് വോട്ട്. രാഹുൽ താമസിക്കുന്ന ഫ്ലാറ്റ് ഈ വാർഡിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ്. രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ ആയ ശേഷമുള്ള ആദ്യ തദ്ദേശ തിരഞ്ഞെടുപ്പാണ് ഇത്.

ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ രാഹുലിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് രാഹുൽ വോട്ട് ചെയ്യാനെത്തുമെന്ന അഭ്യൂഹം സജീവമാകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ രാഹുൽ പാലക്കാട് സജീവമായിരുന്നു. ബലാത്സംഗ കേസിൽ മുഖ്യമന്ത്രിയ്ക്ക് പരാതി ലഭിച്ചതോടെയാണ് രാഹുൽ മണ്ഡലത്തിൽ നിന്നും ഒളിവിൽ പോകുന്നത്.


എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.























