രാഹുൽ മാങ്കൂട്ടത്തിൽ മൂന്ന് ദിവസം എസ്‌ഐടി കസ്റ്റഡിയിൽ; ജാമ്യാപേക്ഷ 16ന് പരിഗണിക്കും

പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ എസ്‌ഐടി കസ്റ്റഡിയിൽ വിട്ടു കോടതി. പൊലീസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. രാഹുലിനെ ഇന്ന് കോടതിയിൽ നേരിട്ടു ഹാജരാക്കിയിരുന്നു. കസ്റ്റഡിയിൽ ലഭിച്ചതോടെ രാഹുലുമായി ഉടൻ എസ്‌ഐടി സംഘം തെളിവെടുപ്പ് ആരംഭിക്കും. രാഹുലിന്റെ ജാമ്യാപേക്ഷ 16ന് പരിഗണിക്കും. പീഡനം നടന്ന പത്തനംതിട്ടയിലെ ഹോട്ടലിലടക്കം രാഹുലിനെ എത്തിച്ച് തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം.

അതിജീവിതയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈലും ലാപ്‌ടോപ്പും ഉൾപ്പെടെ കണ്ടെത്താനുണ്ട്. ഇതിനായി അടൂരും പാലക്കാടും രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. അതിക്രൂരമായ രീതിയിൽ രാഹുൽ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പീഡനത്തിനു പിന്നാലെ ഗർഭിണിയായെന്ന് അറിയിച്ചപ്പോൾ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്‌തെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. രാഹുൽ തന്നെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും യുവതി ഇ-മെയിൽ മുഖേന നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

കാനഡയിൽ ജോലിചെയ്യുന്ന കോട്ടയം സ്വദേശിയായ 31 കാരിയാണ് പരാതിക്കാരി. 2024 ഏപ്രിൽ എട്ടിന് തിരുവല്ലയിലെ ഹോട്ടലിൽവെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ഗർഭിണിയായെന്നും പിന്നീട് ഗർഭം സ്വയം അലസിപ്പോയെന്നും സൂംവീഡിയോ കോളിൽ എസ്‌ഐടിക്ക് നൽകിയ മൊഴിയിലുണ്ട്. പരസ്പര സമ്മതപ്രകാരമാണ് ബന്ധത്തിൽ ഏർപ്പെട്ടതെന്നാണ് ജാമ്യഹർജിയിൽ പ്രതിഭാഗം പറയുന്നത്. ബാക്കി ആരോപണങ്ങൾ നിലനിൽക്കില്ലെന്നും ഹർജിയിൽ പറയുന്നു.