പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് രാംചരൺ. 2023 ജൂണിലാണ് രാംചരണിനും അപ്പോളോ ആശുപത്രി വൈസ് ചെയർപേഴ്‌സൺ ഉപാസന കാമിനേനിക്കും പെൺകുഞ്ഞ് പിറന്നത്. ക്ലിൻ കാര എന്ന് പേര് നൽകിയിരിക്കുന്ന മകളുടെ ഒന്നാം പിറന്നാൾ ആഘോഷത്തിന് മനോഹരമായ വീഡിയോയും രാം ചരൺ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇതിലൊന്നും മകളുടെ മുഖം വെളിപ്പെടുത്തിയിരുന്നില്ല.

അടുത്തിടെ ഒരു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നന്ദമൂരി ബാലകൃഷ്ണയുടെ ഷോയിൽ രാം ചരൺ അതിഥിയായെത്തിയിരുന്നു. മകളുടെ മുഖം എപ്പോഴാണ് ആരാധകരെ കാണിക്കുന്നതെന്ന് ബാലകൃഷ്ണ രാംചരണിനോട് ചോദിച്ചു. അവൾ തന്നെ ‘അച്ഛാ’ (നന്നാ) എന്ന് വിളിച്ചുതുടങ്ങിയാൽ എല്ലാവർക്കും മകളെ പരിചയപ്പെടുത്തും എന്നായിരുന്നു രാംചരണിന്റെ മറുപടി.


അച്ഛനായതിനുശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചും രാംചരൺ ഷോയിൽ തുറന്നുപറഞ്ഞു. ഇപ്പോൾ ജീവിതം കൂടുതൽ ആസ്വദിക്കുന്നുവെന്നും തന്റെ അച്ഛനും നടനുമായ ചിരഞ്ജീവിയുടെ ജീവിതത്തിലും മകൾ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നുവെന്നും അഭിമുഖത്തിൽ രാംചരൺ കൂട്ടിച്ചേർത്തു.
പതിനൊന്നാം വിവാഹ വാർഷികത്തിലാണ് രാംചരണും ഉപാസനയും മകളെ ജീവിതത്തിലേക്ക് വരവേറ്റത്. 2023 ജൂൺ 20-ന് അപ്പോളോ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. അപ്പോളോ ആശുപത്രി ശൃംഖലയുടെ ചെയർമാൻ പ്രതാപ് റെഡ്ഡിയുടെ കൊച്ചുമകളാണ് ഉപാസന. 2012 ജൂൺ 14-നായിരുന്നു ഉപാസനയുടേയും രാംചരണിന്റേയും വിവാഹം.























