എന്നെ കുറ്റം പറയുന്നവർക്കറിയില്ലല്ലോ, ഞാനും കൂടിയാണ് ഞങ്ങളുടെ മകനെ വളർത്തിയതെന്ന്: രേണു

കൊല്ലം സുധിയുടെ മൂത്ത മകൻ കിച്ചു എന്നു വിളിക്കുന്ന രാഹുലിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടുള്ള രേണു സുധിയുടെ പോസ്റ്റ് ശ്രദ്ധേയമാകുന്നു. ‘എന്നെ കുറ്റം പറയുന്നവർക്ക് അറിയില്ലല്ലോ, ഇത്രേ ചെറുപ്പം തൊട്ടേ ഞാനും കൂടി കൂടെയാണ് ഞങ്ങളുടെ മകനെ വളർത്തിയത് എന്ന്. നെഗറ്റീവ് പറയുന്നവർ പറയുക. നോ പ്രോബ്ലം. പിന്തുണകൾക്കു നന്ദി’’–ചിത്രം പങ്കുവച്ച് േരണു കുറിച്ചു.

സുധിയും മക്കളുമൊത്തുള്ള മറ്റൊരു ചിത്രവും രേണു പങ്കുവച്ചിട്ടുണ്ട്. ‘‘എന്തു സന്തോഷമായിരുന്നു ഞങ്ങളുടെ ജീവിതം. എല്ലാം ഒരൊറ്റ ആക്‌സിഡന്റിൽ തീർന്നു.’’–രേണുവിന്റെ വാക്കുകൾ.

സുധിയുടെ ആരാധകരടക്കം നിരവധിപ്പേരാണ് രേണുവിന് ആശ്വാസവാക്കുകളുമായി എത്തുന്നത്. രേണുവിന്റെ മുഖത്ത് ഉണ്ടായ മാറ്റത്തെക്കുറിച്ചുള്ള ആളുകളുടെ ആശങ്കകള്‍ക്കും നടി മറുപടി നൽകി.

‘‘ഈ ഫോട്ടോയിൽ കാണാൻ എന്തു ഭംഗിയാ. സത്യത്തിൽ പല്ലിനു പ്രശ്നം ഉള്ളതായി ഇതിൽ തോന്നുക പോലും ഇല്ല. പ്രശ്നങ്ങൾ ഒക്കെ ആയപ്പോൾ മുഖം വല്ലാതെ ക്ഷീണിച്ച് അതാവും അല്ലെ. എന്റെ ഒരു തോന്നൽ പറഞ്ഞുവെന്നേ ഉള്ളു.’’–ഇതായിരുന്നു ഒരു യുവതിയുടെ കമന്റ്. ഇതിനു രേണുവിന്റെ മറുപടി ഇങ്ങനെ, ‘‘രണ്ട് വർഷമായി എല്ലാം കൂടെ ഇട്ടു കൊല്ലാ കൊല ചെയ്യുകയല്ലേ, മുഖമല്ല എല്ലാം ക്ഷീണിക്കും, സാരമില്ല. പിന്തുണയ്ക്കു നന്ദി.’’എന്നുമായിരുന്നു രേണുവിന്റെ മറുപടി.