കൊച്ചി: വിവാദങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് യുവനടി റിനി ആൻ ജോർജ്. ഒരു വ്യക്തിയോടല്ല തന്റെ യുദ്ധം. വ്യക്തിപരമായി ആരെയും പേര് എടുത്ത് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

‘ഈ വിഷയത്തിൽ ഞാൻ ആദ്യം മുന്നോട്ട് വന്നപ്പോൾ എന്നെക്കുറിച്ച് ചില പേരുകൾ വരെ പറഞ്ഞ് അധിക്ഷേപിക്കുന്ന രീതിയുണ്ടായി. പിന്നീട് പലരും പരാതിയുമായി വരുന്നുണ്ടെന്ന് മനസ്സിലായി. ഏതെങ്കിലും പാർട്ടി സ്പോൺസർ ചെയ്തതല്ല ഈ വിവാദം. ഞാൻ വ്യക്തിപരമായി ആരെയും പേര് എടുത്ത് പറയാൻ ഉദ്ദേശിക്കുന്നില്ല. എന്റെ യുദ്ധം ഒരു വ്യക്തിയോടല്ല, മറിച്ച് സമൂഹത്തിലെ തെറ്റായ പ്രവണതകളോടുള്ളതാണ്. രാഷ്ട്രീയ നേതാവ് എങ്ങിനെ ആയിരിക്കണം എന്നത് മാത്രമാണ് എന്റെ വിഷയം’.


രാഹുൽ രാജിവെച്ചതിൽ തനിക്ക് വ്യക്തിപരമായ ഒരു താത്പര്യമില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു. ‘അത് എന്താണെങ്കിലും തീരുമാനമെടുക്കേണ്ടത് ആ പ്രസ്ഥാനമാണ്. ആ വ്യക്തി ഇനിയെങ്കിലും നവീകരിക്കപ്പെടണം എന്നാണ് പറയാനുള്ളത്. ഇപ്പോഴും നല്ല സുഹൃത്തായിട്ടാണ് അദ്ദേഹത്തെ കാണുന്നത്.
നിരന്തരം ആരോപണങ്ങൾ വരികയാണ്. ചില ഓഡിയോ ക്ലിപ്പുകൾ പുറത്തുവന്നു. ഞാൻ ഉന്നയിച്ചത് അത്രയും ഗുരുതരമായ ആരോപണങ്ങളാണ് എന്ന് പറയുന്നില്ല. വ്യക്തിപരമായി ഇതിൽ ഒരു സന്തോഷവുമില്ല. ഒരു പ്രധാനപ്പെട്ട നേതാവിനെതിരേ ചിത്രം സഹിതം ആരോപണം വരുമ്പോൾ അത് അന്വേഷിക്കണം.
ഇദ്ദേഹത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായവർ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ഭയമാണ് എന്നാണ് എന്നോട് പറഞ്ഞത്. അവർ നിയമപരമായി മുന്നോട്ട് പോകുമോ എന്ന് എനിക്കറിയില്ല. സ്ത്രീകൾക്ക് വേണ്ടി നടത്തിയ പോരാട്ടമാണിത്. ആൻ കൂട്ടിച്ചേർത്തു.























