ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും ഇൻഫ്ളുവൻസറും സംരഭകയുമായ ആരതി പൊടിയും വിവാഹിതരായത്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് ഇരുവരുടെയും വിവാഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളത്. താലികെട്ടിനു മുൻപേ തുടങ്ങിയ വിവാഹമാമാങ്കം ഇപ്പോഴും തുടരുകയാണ്. ചാന്ദിനി ഫംഗ്ഷൻ അഥവാ കർവാ ചൗത് ആണ് ഇവരുടെ വിവാഹത്തോട് അനുബന്ധിച്ച് ഏറ്റവുമൊടുവിൽ നടത്തിയ ചടങ്ങ്.

”വിവാഹിതയായ പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായ ഒരു ചടങ്ങാണ് ചാന്ദിനി ഫംഗ്ക്ഷൻ അഥവാ കർവാ ചൗത്. സൂര്യോദയം മുതൽ അസ്തമയം വരെ ഉപവാസം അനുഷ്ഠിച്ച് ഭർത്താവിന്റെ ഉയർച്ചയ്ക്കും ആയുസിനും വേണ്ടി പ്രാർത്ഥനയോടെ കഴിയുന്നതാണ് കർവാ ചൗത്. ഒരു ദിവസം മുഴുവനും ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും ഇരിക്കുന്നത് അത്ര എളുപ്പമല്ല”, ആരതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.


വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളും ചടങ്ങുകളുമെല്ലാം ആസൂത്രണം ചെയ്തത് ആരതിയാണെന്ന് റോബിൻ മുൻപ് പറഞ്ഞിരുന്നു. ഫെബ്രുവരി പതിനാറിന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു റോബിന്റെയും ആരതിയുടെയും വിവാഹം. ഹൽദി ആഘോഷത്തോടെയാണ് ഇവരുടെ വിവാഹ ചടങ്ങുകൾക്ക് തുടക്കമായത്. പിന്നീട് രംഗോളി, സംഗീത് തുടങ്ങിയ ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു.























