ശബരിമല സ്വർണ്ണപ്പാളി വിവാദം: വിജയ് മല്യ നൽകിയ സ്വർണ്ണത്തിന്റെ രേഖകൾ കാണാനില്ല ; ദുരൂഹതയേറുന്നു

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ സ്വർണ്ണപ്പാളി മോഷണ വിവാദത്തിൽ ദുരൂഹതയേറുന്നു. 1998-ൽ വ്യവസായി വിജയ് മല്യ ശബരിമലയിൽ സമർപ്പിച്ച 30 കിലോയിലധികം സ്വർണ്ണത്തിന്റെ യഥാർത്ഥ രേഖകൾ കണ്ടെത്താനാകാതെ ദേവസ്വം വിജിലൻസ്. ശബരിമല എക്സിക്യൂട്ടീവ് ഓഫീസിൽ നിന്ന് നിർണ്ണായകമായ ഈ രേഖകൾ അപ്രത്യക്ഷമായതോടെ, സ്വർണ്ണം ചെമ്പായി മാറിയതിന് പിന്നിൽ നടന്നത് ആസൂത്രിതമായ മോഷണവും അട്ടിമറിയുമാണെന്ന നിഗമനം ബലപ്പെടുകയാണ്.

1998-ൽ വിജയ് മല്യ സ്വർണ്ണം സമർപ്പിച്ചത് സംബന്ധിച്ച് ഒരു തർക്കവുമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. എന്നാൽ, എത്ര കിലോ സ്വർണ്ണമാണ് സമർപ്പിച്ചത് തുടങ്ങിയ വിവരങ്ങൾ അടങ്ങിയ നിർണ്ണായകമായ രജിസ്റ്ററുകളും അനുബന്ധ രേഖകളുമാണ് ശബരിമല എക്സിക്യൂട്ടീവ് ഓഫീസിൽ നിന്ന് കാണാതായിരിക്കുന്നത്. 2019-ലെ വിവാദങ്ങൾക്ക് ശേഷമുള്ള രേഖകൾ മാത്രമാണ് എക്സിക്യൂട്ടീവ് ഓഫീസർ വിജിലൻസിന് കൈമാറിയിട്ടുള്ളത്.

ഈ രേഖകൾ ഇല്ലാതെ, യഥാർത്ഥത്തിൽ എത്ര സ്വർണ്ണമാണ് സന്നിധാനത്ത് ഉണ്ടായിരുന്നതെന്നോ, എത്രത്തോളം നഷ്ടപ്പെട്ടെന്നോ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ വിജിലൻസിന് കഴിയുന്നില്ല. രേഖകൾ ബോധപൂർവ്വം മാറ്റിയതാണെന്ന സംശയമാണ് ഇതോടെ ശക്തമാകുന്നത്.

1998-ൽ സ്വർണ്ണം പൂശുന്ന ജോലികൾക്ക് മേൽനോട്ടം വഹിച്ചത് ദേവസ്വം മരാമത്ത് വിഭാഗമായിരുന്നു. അന്നത്തെ മരാമത്ത് ചീഫ് എഞ്ചിനീയറെയും ഡിവിഷണൽ എഞ്ചിനീയറെയും ഇതിനായി ഉത്തരവിലൂടെ ചുമതലപ്പെടുത്തിയിരുന്നു. അതിനാൽ, രേഖകൾ മരാമത്ത് വകുപ്പിന്റെ കൈവശം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ വിജിലൻസ് അവരോട് വിവരങ്ങൾ തേടിയിട്ടുണ്ട്. എന്നാൽ, രേഖകൾ മരാമത്ത് വകുപ്പിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നും, തിരുവാഭരണം കമ്മീഷണറുടെ ഓഫീസിലാണ് ഉണ്ടാകേണ്ടതെന്നുമാണ് ചില ഉദ്യോഗസ്ഥർ നൽകുന്ന സൂചന.