മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ കുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ കസ്റ്റഡിയില്‍. മധ്യപ്രദേശിൽനിന്നാണ് മുംബൈ പൊലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ സംബന്ധിച്ച മറ്റ് വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ പ്രതിയുമായി സാമ്യമുള്ള ഒരാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തതായി മുംബൈ പൊലീസിൻ്റെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ദാദറിലെ ഒരു കടയിൽ എത്തി ഹെഡ്ഫോൺ വാങ്ങുന്ന സിസിടിവി ദൃശ്യം ഇന്ന് പുറത്തുവന്നിരുന്നു. നടനെ ആക്രമിക്കുമ്പോൾ കറുപ്പ് ടീഷർട്ട് ധരിച്ചിരുന്ന പ്രതി പിന്നാലെ അത് മാറ്റി. മഞ്ഞ ഷർട്ട് ധരിച്ച മറ്റൊരു ഫോട്ടോയും ഇതിന് പിന്നാലെ പുറത്തുവന്നു. പ്രതി ഗുജറാത്തിലേക്ക് കടന്നേക്കാമെന്ന സൂചനയില്‍ പൊലീസ് ഗുജറാത്തിലേക്കു തിരിക്കുകയും ഇതിനിടെയാണ് പ്രതിയെന്നു സംശയിക്കുന്ന ആളെ മധ്യപ്രദേശില്‍നിന്ന് കസ്റ്റഡിയിലെടുത്തെന്ന വിവരം പുറത്തുവരുന്നത്.കഴിഞ്ഞ ദിവസം നടന്റെ വീട്ടിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുമായി സാമ്യമുള്ള ഒരു വ്യക്തിയെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അഞ്ച് മണിക്കൂർ ചോദ്യം ചെയ്തശേഷം ഇയാളെ വിട്ടയക്കുകയായിരുന്നു.

























