‘സാമന്ത വിഷമിക്കണ്ട, 2 വര്‍ഷത്തെ സമയം തരണം’; വിവാഹാഭ്യർത്ഥനയുമായി യുവാവ്, തകർപ്പൻ മറുപടിയുമായി താരം

നടി സാമന്തയോട് വിവാഹാഭ്യർത്ഥന നടത്തുന്ന യുവാവിന്റെ വീഡിയോ വൈറല്‍. വീഡിയോയ്ക്ക് സാമന്ത നേരിട്ട് മറുപടി നല്‍കിയതോടെയാണ് വീഡിയോ ശ്രന്ധിക്കപ്പെട്ടത്. നടന്‍ നാഗചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതോടെ സാമന്തയെ ടാ​ഗ് ചെയ്ത് നിരവധി പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അത്തരമൊരു പോസ്റ്റിനാണ് നടി മറുപടിയുമായി എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

‘സാമന്ത വിഷമിക്കണ്ട. എന്നും ഒപ്പമുണ്ടാകും. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്’ എന്ന അഭ്യർഥനയുമായിട്ടാണ് മുകേഷ് എന്ന ആരാധകൻ വീഡിയോ പങ്കുവെച്ചത്. സാമ്പത്തികമായി നല്ല നിലയിലെത്താൻ രണ്ടു വർഷത്തെ സമയം നൽകണമെന്നും വീഡിയോയിൽ യുവാവ് പറയുന്നു.
ചുരുങ്ങിയ സമയം കൊണ്ട് രസകരമായ ഈ വീഡിയോ വെെറലുമായി. ബാഗ് പാക്ക് ചെയ്ത് വിമാനത്തിൽ കയറുന്നത് മുതൽ സാമന്തയുടെ വീട്ടിൽ എത്തുന്നത് വരെയുള്ള കാര്യങ്ങൾ ​ഗ്രാഫിക്സിൻ്റെ പിൻബലത്തോടെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വളരെപ്പെട്ടെന്ന് വെെറലായ ഈ വീഡിയോയ്ക്ക് കമെൻ്റുമായി സാമന്ത എത്തുകയായിരുന്നു. വീഡിയോയുടെ ബാക്ഗ്രൗണ്ടിലുള്ള ജിം തന്നെ ഏതാണ്ട് തന്നെ കണ്‍വിന്‍സ് ചെയ്തു’ എന്നാണ് സമാന്ത വീഡിയോയ്ക്ക് മറുപടി നൽകിയിരിക്കുന്നത്. നിരവധി ആരാധകരാണ് നടിക്ക് മറുപടിയുമായി എത്തുന്നത്.