ഭാരം കൂട്ടൂവെന്ന് കമന്റ്, കടുത്ത ഭാഷയിൽ മറുപടി നൽകി സാമന്ത

ശരീരഭാരവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയർന്നുവന്ന ട്രോളുകൾക്ക് മറുപടിയുമായി നടി സാമന്ത റുത്ത് പ്രഭു. രോഗാവസ്ഥയുമായി ബന്ധപ്പെട്ടുള്ള ഡയറ്റിലാണ് താനെന്നും ആളുകളെ മുൻവിധിയോടെ സമീപിക്കുന്നത് നിർത്തണമെന്നും നടി പറഞ്ഞു. ഇത് 2024 ആണെന്നും താരം മറുപടി നൽകി. ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തര സെഷനിലാണ് ഒരാൾ നടിയോട് കുറച്ച് ഭാരം വർധിപ്പിക്കാൻ ആവശ്യപ്പെട്ടത്. ഇതിനോട് ആണ് സാമന്ത പ്രതികരിച്ചത്.

വീണ്ടും ഭാരവുമായി ബന്ധപ്പെട്ട ഒരു പ്രതികരണം എത്തിയിരിക്കുന്നുവെന്ന് പറഞ്ഞാണ് നടി മറുപടി നൽകിത്തുടങ്ങിയത്. എന്റെ രോഗാവസ്ഥയുമായി ബന്ധപ്പെട്ട് ഞാൻ ആന്റി ഇൻഫ്‌ളമേറ്ററി ഡയറ്റിലാണ്. അത് ഭാരം കൂടുന്നതിനെ തടയും. ആളുകളെ മുൻവിധിയോടെ സമീപിക്കുന്നത് നിർത്തണം. ഇത് 2024 ആണ്.- സാമന്ത പറഞ്ഞു.

2022-ലാണ് സാമന്ത തന്റെ രോ​ഗവിവരത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ മസിലുകളെ ദുർബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ രോ​ഗമാണ് തന്നെ ബാധിച്ചതെന്ന് ഇൻസ്റ്റ​ഗ്രാമിലൂടെയാണ് സാമന്ത അറിയിച്ചത്.