തിരുവനന്തപുരം: പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല. ജനന സർട്ടിഫിക്കറ്റ്, ആധാർ എന്നിവയില്ലെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളുടേയും പ്രവാസികളുടേയും കുട്ടികൾക്ക് പ്രവേശനം നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.

സംസ്ഥാന സിലബസിലുള്ള സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിലെല്ലാം മെയ് രണ്ടിനു പ്രവേശനം തുടങ്ങും. രേഖകളില്ലാത്ത കുട്ടികൾക്ക് അവ ലഭിക്കും വരെ താത്കാലികമെന്ന നിലയിലായിരിക്കും പ്രവേശനം. ഒരു തരത്തിലുള്ള പ്രവേശന പരീക്ഷകളും പാടില്ലെന്നും നിർദ്ദേശമുണ്ട്. രേഖകളില്ലാതെ പ്രവേശനം നൽകുന്ന കുട്ടികളുടെ രേഖകൾ സ്‌കൂൾ തുറന്നു ആറാം ദിവസം നടക്കുന്ന തലയെണ്ണൽ ഘട്ടത്തിൽ നൽകിയില്ലെങ്കിൽ അവരെ എണ്ണത്തിൽ കൂട്ടില്ല. കഴിഞ്ഞ വർഷം ആധാർ അപ്‌ലോഡ് ചെയ്യാത്തതിന്റെ പേരിൽ പല സ്‌കൂളുകളിലും കുട്ടികളുണ്ടായിട്ടും തസ്തിക നിർണയത്തിൽ പ്രതിസന്ധിയുണ്ടായിരുന്നു. പിന്നീട് സമയം നീട്ടി നൽകി.

























