വിവാഹം കഴിക്കാനെടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് വെളിപ്പെടുത്തി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സീമ ഇക്കാര്യം അറിയിച്ചത്. ഏതാനും മാസങ്ങൾക്കു മുൻപ് വിവാഹത്തിൽ നിന്ന് പിൻമാറുകയാണെന്ന് അറിയിച്ചിരുന്നെങ്കിലും, പീന്നീട് റജിസ്റ്റര്‍ വിവാഹത്തിന്റെ ചിത്രങ്ങളും സീമ പങ്കുവച്ചിരുന്നു. വീണ്ടും ഇങ്ങനെ കുറിക്കാൻ ഇടവരരുതെന്ന് ആഗ്രഹിച്ചിരുന്നു എന്ന മുഖവുരയോടെയാണ് സീമ കുറിപ്പ് പങ്കുവച്ചത്.

സീമയുടെ വാക്കുകള്‍


‘മുൻപൊരിക്കൽ ഒരു പോസ്റ്റിട്ടിരുന്നു. പിന്നെ അത് പിൻവലിക്കുകയും ചെയ്തു. അന്ന് ആ പിൻമാറ്റം സാഹചര്യങ്ങളുടെ സമ്മർദം മൂലമായിരുന്നു. ആ വ്യക്തിയിൽ നിന്നും അത്തരത്തിൽ ഒരു പെരുമാറ്റം ഇനി മേലിൽ ഉണ്ടാവില്ല എന്ന വാക്കിനുമേൽ ആയിരുന്നു ആ പോസ്റ്റ് പിൻവലിച്ചത്.’– സീമ കൂട്ടിച്ചേർത്തു.
മാത്രമല്ല, വ്യക്തിഹത്യയും ജെന്‍ഡർ അധിക്ഷേപവും നേിരിടേണ്ടി വന്നിട്ടുണ്ടെന്നും സീമ വ്യക്തമാക്കി. ‘ഈ കുറഞ്ഞ കാലയളവിൽ തന്നെ ഒരുപാട് അനുഭവിച്ചു. ഒരാളിൽ നിന്നും എന്ത് പരിഗണനയും ബഹുമാനവും ആഗ്രഹിച്ചിരുന്നോ അതൊന്നും ജീവിതത്തിലേക്കു കടന്നപ്പോള്‍ കിട്ടിയില്ലെന്നു മാത്രമല്ല, വ്യക്തി ഹത്യയും ജെൻഡർ അധിക്ഷേപ വാക്കുകളും ഞാന്‍ എന്ന വ്യക്തിയെ തന്നെ ഇല്ലായ്മ ചെയ്യുന്ന തരത്തിലാണ് കിട്ടിയത്. ഒരുപാട് തവണ പറഞ്ഞു കൊടുത്തു. തിരുത്താൻ ശ്രമിച്ചു. നടന്നില്ല. മാതൃകാ ദമ്പതികളാണെന്ന് ഒരുപാട് തവണ മറ്റുള്ളവരുടെ മുന്‍പിൽ അഭിനയിച്ചു. നമുക്ക് യാതൊരു വിലയും നൽകാതിരിക്കുക. നമ്മുടെ തൊഴിലിനെയും വളർച്ചയെയും അധിക്ഷേപിക്കുന്നതു പോലെ സംസാരിക്കുക. പലപ്പോഴും ഒരുപാട് വലിയ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ നിശബ്ദത പാലിച്ചു. മനഃസമാധാനത്തോടെ ഉറങ്ങിയിട്ട് മാസങ്ങളായി. എന്റെ ദിനചര്യകളും ജോലിയും മനസ്സും ശരീരവുമൊക്കെ കൈവിട്ടു പോകുന്ന അവസ്ഥയിലേക്കാണ് ജീവിതം പോയിക്കൊണ്ടിരിക്കുന്നത്. ജീവിതത്തിൽ ഒന്നു മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. മനഃസമാധാനം. ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിതത്തിൽ ഓരോന്നും നേടിയെടുത്തത്. അന്നൊന്നും ആരും കൂടെയുണ്ടായിട്ടില്ല. ഇപ്പോഴും എപ്പോഴും ഞാൻ ഞാനായി ഇരിക്കാൻ ആഗ്രഹിക്കുന്നു. എന്റെ മനഃസമാധാനം നഷ്ടപ്പെടുത്തുന്ന ഒന്നിനെയും എനിക്ക് അംഗീകരിക്കാൻ സാധിക്കുകയില്ല.’– സീമ കുറിച്ചു. വിവാഹവുമായി ബന്ധപ്പെട്ടുള്ള ഓരോ വിശേഷവും സമൂഹമാധ്യമത്തിലൂടെ സീമ തന്നെ അറിയിച്ചിരുന്നു. റജിസ്റ്റർ വിവാഹത്തിനു മുൻപ് വിവാഹത്തിൽ നിന്ന് പിൻമാറുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചിരുന്നെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു.























