പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് വിൽപന; യുവാവ് അറസ്റ്റിൽ

മലപ്പുറം: സമൂഹമാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് വിൽപന നടത്തുന്നുവെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി നിതിൻ മോഹൻ ദാസിനെയാണ് (25) പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്. രാമനാട്ടുകര സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് നടപടി.

സമൂഹമാധ്യമങ്ങളിൽ സജീവമായ പെൺകുട്ടികളുടെ ചിത്രങ്ങൾ കൈക്കലാക്കി അവ അശ്ലീല രൂപത്തിലാക്കിയ ശേഷം പണം വാങ്ങി വിവിധ ടെലഗ്രാം ഗ്രൂപ്പുകളിലൂടെ വിൽക്കുകയാണ് ഇയാൾ ചെയ്തിരുന്ന തെന്നാണ് പരാതി. ആയിരത്തോളം പെൺകുട്ടികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ടെന്ന് പരാതിയുണ്ട്. പ്രതിയുടെ ഫോണിൽ നിന്ന് ലഭിച്ച സ്‌ക്രീൻഷോട്ടുകളിൽ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ വ്യക്തമാണെന്നും പറയുന്നു.

പ്രതിയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾ രഹസ്യമായി ഉപയോഗിച്ചിരുന്ന രണ്ടാമതൊരു മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ പരപ്പനങ്ങാടിയിലും മാഹിയിലുമായി രണ്ടു പരാതികളാണ് ലഭിച്ചിട്ടുള്ളത്. കണ്ണൂർ സ്വദേശിനിയായ ഒരു യുവതിയുടെ സുഹൃത്തുക്കൾ വഴിയാണ് ഈ തട്ടിപ്പ് പുറംലോകമറിഞ്ഞത്. ടെലഗ്രാം ഗ്രൂപ്പിൽ സ്വന്തം സുഹൃത്തിന്റെ ചിത്രം മോർഫ് ചെയ്ത നിലയിൽ കണ്ട യുവാവ് വിവരം കൈമാറിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക്എത്തിയത്. അഞ്ചു വയസ്സുള്ള കുഞ്ഞുങ്ങൾ മുതൽ 40 വയസ്സുള്ള സ്ത്രീകൾ വരെ ഇയാളുടെ ക്രൂരതക്ക് ഇരയായവരിൽ ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.