ശബരിമല സ്വർണക്കൊള്ള; എസ്ഐടിയുടെ പരിശോധന, സാമ്പിൾ ശേഖരിക്കുന്നതിനായി സ്വർണപ്പാളി ഇളക്കിമാറ്റി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ പരിശോധന ആരംഭിച്ച് പ്രത്യേക അന്വേഷണ സംഘം. എസ്ഐടി ശബരിമല സന്നിധാനത്ത് തെളിവെടുപ്പ് ആരംഭിച്ചിരിക്കുകയാണ് . സാമ്പിളുകൾ ശേഖരിക്കുന്നതിന് വേണ്ടി സ്വർണപാളികൾ ഇളക്കിമാറ്റിയിട്ടുണ്ട്. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് നടപടി. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളിയും ശ്രീകോവിലിൻറെ വലത് ഭാഗത്തെ പാളികളുമാണ് നിലവിൽ നീക്കം ചെയ്തിട്ടുള്ളത്. പരിശോധനകൾക്ക് ശേഷം ഇവ വീണ്ടും പുനസ്ഥാപിക്കും. സ്വ‍ർണപാളികളുടെ തൂക്കം നിർണയിക്കും എന്നാണ് വിവരം.

അതേസമയം സ്വർണക്കൊളളയിൽ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റ് നൽകിയ ഹർജി ദേവസ്വം ബെ‌ഞ്ച് പരിഗണിക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കണമെന്ന് സിംഗിൽ ബെഞ്ച് വ്യക്തമാക്കി. നിലവിൽ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഹർജികൾ ദേവസ്വം ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. അതിനാൽ ഈ തീരുമാനവും അതേ ബെഞ്ച് എടുക്കുന്നതാകും ഉചിതമെന്നാണ് ജസ്റ്റിസ് സി എസ് ഡയസ്സിന്റെ ബെഞ്ച് അറിയിച്ചത്. കേസിന്റെ എഫ് ഐ ആർ , അനുബന്ധ മൊഴികൾ, ലരേഖകൾ എന്നിവയുടെ പകർപ്പാണ് തേടിയിരിക്കുന്നത്.