പൊലീസ് പറഞ്ഞതിലും അരമണിക്കൂർ നേരത്ത, ഷൈൻ ടോം ചാക്കോ പൊലീസ് സ്റ്റേഷനിൽ ഹാജരായി

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിനായി നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസ് നിർദേശിച്ചതിലും അരമണിക്കൂർ നേരത്തയാണ് ഷൈൻ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ലഹരി റെയ്ഡിനിടെ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയതിൻറെ കാരണം നേരിട്ട് ഹാജരാക്കണമെന്ന് നിർദ്ദേശിച്ച് കൊണ്ടാണ് പൊലീസ് ഇന്നലെ ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയാറാക്കിയത്. ലഹരി റെയ്ഡിനിടെ എന്തിന് മുങ്ങി. ഈ ചോദ്യത്തിൻറെ ഉത്തരമറിയാനാണ് ഷൈൻ ടോം ചാക്കോയെ പൊലീസ് വിളിപ്പിച്ചത്. ഹോട്ടലിൽ പരിശോധന നടന്ന രാത്രിയിൽ ഉണ്ടായ സംഭവങ്ങൾ ചോദിക്കാനാണ് നീക്കം.

ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച 6 ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്. അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഷൈനിനെ ഫോണിൽ കിട്ടാത്തതിനാൽ കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ഇന്നലെ നേരിട്ട് തൃശൂർ കയ്പമംഗലത്തെ വീട്ടിൽ എത്തി നോട്ടീസ് ഷൈനിൻറെ പിതാവിന് കൈമാറുകയായിരുന്നു. അതേസമയം, വിൻസി അലോഷ്യസിൻറെ പരാതി അന്വേഷിക്കുന്ന സിനിമയുടെ ഇൻറേണൽ കമ്മിറ്റിക്കു മുന്നിൽ തിങ്കളാഴ്ച ഹാജരായി വിശദീകരണം നൽകാനാണ് ഷൈനിൻറെ തീരുമാനം.