‘ഓടിയതിന്റെ കാരണം വ്യക്തമാക്കണം’, ഷൈനിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങിയോടിയ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോ ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. ഹോട്ടൽ മുറിയിൽ ഇറങ്ങിയോടിയതിന് പിന്നിൽ എന്താണ് കാരണം എന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഷൈൻ മൂന്ന് മണിക്ക് പൊലീസിന് മുന്നിലെത്തുമെന്ന് കുടുംബം വ്യക്തമാക്കി.

ഷൈനിന്റെ രക്ഷപ്പെടലിന് പിന്നിലെ കാരണം കൃത്യമായി ചോദിച്ചറിയാൻ ആണ് പൊലീസിന്റെ നീക്കം. ഇതിനായി ഷൈനിന്റെ ഒരു കഴിഞ്ഞ ഒരുമാസത്തെ ഫോൺ കോളുകൾ ഉൾപ്പെടെ പൊലീസ് സംഘം പരിശോധിച്ചതായാണ് വിവരം. ഇക്കാലയളവിൽ ഷൈൻ താമസിച്ച ആറ് ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് സംഘം പരിശോധിച്ചിട്ടുണ്ട്. ചോദ്യാവലി ഉൾപ്പെടെ തയ്യാറാക്കിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഒരുങ്ങുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, ചോദ്യം ചെയ്യലിനെ നേരിടാൻ ഷൈൻ അഭിഭാഷകരുടെ സഹായം തേടിയതായും റിപ്പോർട്ടുകളുണ്ട്. ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ സംഭവത്തിൽ ഹാജരായി വിശദീകരണം നൽകണം എന്നാവശ്യപ്പെട്ട് എറണാകുളം നോർത്ത് പൊലീസ് ഷൈൻ ടോം ചാക്കോയുടെ തൃശൂരിലെ വീട്ടിലെത്തി നോട്ടീസ് നൽകിയിരുന്നു. ശനിയാഴ്ച രാവിലെ 10 മണിക്ക് ഹജാരാകാനാണ് നോട്ടീസിൽ നിർദേശിച്ചിരുന്നത്. പിന്നാലെയാണ് വൈകീട്ട് ഹാജരാകും എന്ന് വ്യക്തമാക്കി കുടുംബം രംഗത്തെത്തിയത്. കേസ് വെറും ഓലപ്പാമ്പാണെന്നും നാളെ വൈകിട്ട് മൂന്ന് മണിക്ക് ഷൈൻ ഹാജരാകുമെന്നും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.