ലഭിച്ചത് തട്ടിപ്പു പണം?; ആന്റോ ആന്റണിയ്ക്കെതിരെ ഇ ഡി അന്വേഷണം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ പത്തനംതിട്ട എംപി ആന്റോ ആന്റണിയെ ചോദ്യം ചെയ്യാൻ എസ്‌ഐടി. നോട്ടീസ് നൽകി വിളിച്ചു വരുത്താനാണ് എസ്‌ഐടിയുടെ തീരുമാനം. സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം ആന്റോ ആന്റണി നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിരുന്നു. പോറ്റിയുമായുള്ള ബന്ധത്തിൽ ആന്റോയിൽ നിന്നും വിശദീകരണം തേടും. കോൺഗ്രസ് മുൻ പ്രസിഡന്റും യുപിഎ ചെയർപേഴ്‌സണുമായ സോണിയാഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളിലും ആന്റോ ആന്റണി ഒപ്പമുണ്ട്. സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ആന്റോ ആന്റണിക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. തന്ത്രിയുടെ നിക്ഷേപമുള്ള ബാങ്കിൽ പണമിടപാടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

അതിനിടെ, നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് നിക്ഷേപ തട്ടിപ്പിൽ ആന്റോ ആന്റണി എംപിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഇ ഡിയും അന്വേഷണം നടത്തും. സ്ഥാപന ഉടമ എൻ എം രാജു രണ്ടുകോടി രൂപ നൽകിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആന്റോ ആന്റണിയെ ചോദ്യംചെയ്യാൻ ഇ ഡി ഒരുങ്ങുന്നത്. ചോദ്യംചെയ്യലിന് ഹാജരാകാൻ എംപിക്ക് നോട്ടീസ് നൽകും. ആന്റോ ആന്റണിയ്ക്ക് ലഭിച്ചത് തട്ടിപ്പുപണമാണ് എന്ന വിലയിരുത്തലിലാണ് ഇ ഡി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പലതവണയായി ആന്റോ ആന്റണിക്ക് രണ്ടുകോടി രൂപ വായ്പ നൽകിയെന്നായിരുന്നു നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജു കഴിഞ്ഞ ദിവസം ആരോപിച്ചത്. പലതവണയായി വായ്പയെടുത്ത രണ്ടുകോടി രൂപ ആന്റോ ആന്റണി മടക്കി നൽകിയില്ലെന്നും രാജു ആരോപിച്ചിരുന്നു. പലതവണ കാലുപിടിച്ച് ആവശ്യപ്പെട്ടതിനുശേഷം 20 ലക്ഷം രൂപ മാത്രമാണ് മടക്കി നൽകിയത്. രേഖയൊന്നുമില്ലാതെ വ്യക്തിബന്ധം വച്ച് പണം നൽകിയതാണെന്നും, നിക്ഷേപകരുടെ പണമാണ് നൽകിയതെന്നും എൻ എം രാജു വ്യക്തമാക്കിയിരുന്നു.