ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്: പാലക്കാട് കൗൺസിലർ പ്രശോഭ് വത്സന് മുൻകൂർ ജാമ്യമില്ല

പാലക്കാട്: ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് നഗരസഭാ കൗൺസിലറും മുൻ കോൺഗ്രസ് പ്രവർത്തകനുമായ പ്രശോഭ് വത്സന് മുൻകൂർ ജാമ്യമില്ല. ഹൈക്കോടതിയാണ് ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. മുമ്പ് മണ്ണാർകാട് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ പരാതി അടിസ്ഥാന രഹിതമാണെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ ഉൾപ്പെടെ പിഴവുണ്ടായെന്നും ഉൾപ്പെടെ മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഘട്ടത്തിൽ പ്രശോഭിന് ജാമ്യം അനുവദിക്കരുതെന്നും അങ്ങനെയെങ്കിൽ കേസ് അട്ടിമറിക്കപ്പെടുമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.

പരാതിയിൽ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസിലായിട്ടുള്ളതാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇയാൾക്കെതിരെ എസ് സി, എസ് ടി ആക്ട് ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്. ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയാണെങ്കിൽ അതിൽ ജാതി ഒരു ഘടകമായി വരുന്നില്ലെന്നും അതിനാൽ എസ്.സി/എസ്.ടി വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്താൻ കഴിയില്ലെന്നും പ്രശോഭ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദിച്ചിരുന്നു. പരാതിക്കാരിയായ യുവതിയുമായി ദീർഘകാലമായി അടുപ്പമുണ്ട്. ഈ ബന്ധം പുറംലോകം അറിഞ്ഞപ്പോൾ മാത്രമാണ് തനിക്കെതിരെ പരാതി നൽകിയതെന്നും പ്രശോഭ് വത്സൻ പറഞ്ഞിരുന്നു. പരാതി ഉയരുകയും അത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തതിന് പിന്നാലെ പ്രശോഭിനെ കോൺഗ്രസ് പുറത്താക്കിയിരുന്നു.