തിരുവനന്തപുരം: കിളിമാനൂരിൽ മന്ത്രവാദത്തിന്റെ മറവിൽ പീഡനം നടത്തിയ കേസിൽ മന്ത്രവാദി അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ശരത് ബാബു ആണ് പിടിയിലായത്. രണ്ടു പെൺകുട്ടികളെയാണ് ശരത് ബാബു പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. അമ്മയും രണ്ടു പെൺകുട്ടികളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. അമ്മയുടെ പേരിലുള്ള ഭൂമിയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇത് തീർക്കുന്നതിനായാണ് കുടുംബം ശരത് ബാബുവിനെ സമീപിച്ചത്. പിന്നാലെ ഭൂമിയുടെ വിൽപ്പന നടന്നു.

ഇതോടെ ഇയാളിലുള്ള കുടുംബത്തിന്റെ വിശ്വാസ്യത വർധിച്ചു. ഇതിന് ശേഷം ഇയാൾ വീട്ടിൽ നിത്യസന്ദർശകനായി. അമ്മയുടെ ദോഷം മാറ്റാൻ എന്ന പേരിൽ ഇയാൾ പെൺകുട്ടികളെ നിരന്തരം ഉപദ്രവിച്ചു എന്നതാണ് പരാതിയിൽ പറയുന്നത്. 2024 ഏപ്രിൽ മുതൽ 2026 മാർച്ച് വരെ നീളുന്ന ലൈംഗികാതിക്രമമാണ് നടന്നത്. ഒടുവിൽ നിവൃത്തിയില്ലാതെ മൂത്ത സഹോദരി അമ്മയോട് കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു. തുടർന്ന് പെൺകുട്ടികളെ കൗൺസിലിങ്ങ് നടത്തിയപ്പോഴാണ് ഇയാളിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടിരുന്നു എന്ന കാര്യം പെൺകുട്ടികൾ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ തിരച്ചിലിന് ഒടുവിലാണ് പിടികൂടിയത്.

























